യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖാ ശ്രീനാരായണ വിജയസമാജം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 28ന് നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. രവിലെ 9ന് ഗുരുപൂജയും പതാക വന്ദനവും ഉച്ചയ്ക്ക് 2.30ന് 17 കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്ലാറ്റിനം ജൂബിലി ഘോഷയാത്രയും നടക്കും. നാലിന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം 4.30ന് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം ആരംഭിക്കും. മഹാസമ്മേളനത്തിൽ ഗുരുസമക്ഷം പഠനക്ലാസിലെ 75 കുട്ടികൾ ചേർന്ന് ഗുരുവന്ദനം ആലപിക്കും.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കും വിവിധ കോഴ്സുകളിൽ റാങ്ക് നേടിയവർക്കുമുള്ള അവാർഡ് വിതരണവും നിർവഹിക്കും.
ഉദയംപേരൂർ ശാഖ പ്രസിഡന്റ് എൽ. സന്തോഷ്, കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ, തെക്കൻപറവൂർ ശാഖാ പ്രസിഡന്റ് കെ.കെ. വിജയൻ, കണ്ടനാട് ശാഖാ പ്രസിഡന്റ് എ.കെ. മോഹനൻ, തൃപ്പൂണിത്തുറ തെക്കുഭാഗം ശാഖാ പ്രസിഡന്റ് സനൽ പൈങ്ങാടൻ, ഉദയംപേരൂർ ശാഖ സെക്രട്ടറി ഡി. ജിനുരാജ് എന്നിവർ സംസാരിക്കും. തുടർന്ന് വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുടുംബയൂണിറ്റ് അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികൾ നടക്കും.
............................................................................
75 വർഷത്തെ ചരിത്രം
1947ൽ സുബ്രഹ്മണ്യസങ്കല്പത്തിൽ വേൽ പ്രതിഷ്ഠിച്ച് തുടക്കംകുറിച്ച ഭജനമഠമാണ് പിന്നീട് ശ്രീനാരായണ വിജയസമാജം 1084 എസ്.എൻ.ഡി.പി ശാഖയായി മാറിയത്. ശ്രീനാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യൻ നരസിംഹസ്വാമിയാണ് ക്ഷേത്രപ്രതിഷ്ഠ നിർവഹിച്ചത്. ക്ഷേത്രത്തോട് അനുബന്ധിച്ച് തുടങ്ങിയ വിദ്യാലയം ഇന്ന് ജില്ലയിൽ ഏറ്റവുമധികും കുട്ടികൾ
പത്താം ക്ളാസ് പരീക്ഷയെഴുതുന്ന, നൂറുശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയമായി മാറി. സംസ്ഥാനത്തെ മികച്ച അഞ്ചാമത്തെ വിദ്യാലയം കൂടിയാണിത്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ പ്ളാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഒരുക്കത്തിലാണ്.
...........................................