
കോലഞ്ചേരി: കൊവിഡിനിടെ പഞ്ചായത്തുകൾ തെരുവുനായ ശല്യം അമർച്ച ചെയ്യാൻ മറന്നതോടെ ജനങ്ങൾ ഭീതിയിൽ. പഴങ്ങനാട്, പൂക്കാട്ടുപടി മേഖലകളിൽ തെരുവുനായകൾ വിലസുകയാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യവും തെരുവുനായ ശല്യം രൂക്ഷമാകുന്നതിന് കാരണമാകുന്നുണ്ട്.
പുലർച്ചെ പത്രവിതരണത്തിനെത്തുന്നവർ മുതൽ പ്രഭാത സവാരിക്കാരും സ്കൂൾ കുട്ടികളും അടക്കം എല്ലാവരും തെരുവുനായകളെ ഭയന്നാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. വഴിയിലിറങ്ങിയാൽ നായകൾ കൂട്ടത്തോടെ ഓടിക്കുമെന്നുറപ്പാണ്. വഴിയരികിൽ പതുങ്ങിക്കിടക്കുന്ന നായകൾ ആളുകൾ അടുത്തെത്തിയാൽ കുരച്ചുചാടും. പത്രവിതരണക്കാർ അടക്കം നിരവധിപേരെയാണ് നായകൾ ആക്രമിക്കാൻ ശ്രമിച്ചത്. നേരത്തെ പഴങ്ങനാടുള്ള കർഷകന്റെ 1500 താറാവുകളെ നായക്കൂട്ടം കൊന്നൊടുക്കിയിരുന്നു. വാഹന യാത്രക്കാർക്കുനേരെയും തെരുവുനായ ആക്രമണം പതിവായിക്കഴിഞ്ഞു. വളർത്തു മൃഗങ്ങളും ആക്രമിക്കപ്പെടുന്നു. മാംസാവശിഷ്ടം കഴിച്ച് ശീലിച്ച നായകൾ അവ കിട്ടാതാകുമ്പോഴാണ് പൊതുജനത്തിനും വളർത്തുമൃഗങ്ങൾക്കുംനേരെ തിരിയുന്നത്. അറവുമാലിന്യങ്ങളും കോഴിയവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം പലരും വഴിയോരത്താണ് ഉപേക്ഷിക്കുന്നത്. ഇവയ്ക്കായി തെരുവുനായകൾ സംഘമായെത്തി കടിപിടികൂടുന്നത് പതിവാണ്. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അനിമൽ ബെർത്ത് കൺട്രോൾ വിഭാഗത്തിന് തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിന് പരിമിതികളുണ്ടെന്നാണ് തദ്ദേശ സ്ഥാപന മേധാവി പറയുന്നത്. പൂക്കാട്ടുപടി മേഖലയിലെ തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.