കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലം പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ എസ്.സി കോളനിയിൽ പട്ടയ വിഷയങ്ങളുമായി ബന്ധപ്പെട്ട് യോഗം സംഘടിപ്പിച്ചു.
കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിന്റെ സാന്നിദ്ധ്യത്തിൽ തഹസിൽദാർ വിനോദ് രാജ്, ഡെപ്യൂട്ടി തഹസിൽദാർ മായ, പുത്തൻകുരിശ് വില്ലേജ് ഓഫീസർ ശ്രീകല, വില്ലേജ് അസിസ്റ്റന്റ് ഓഫീസർ സിജു, വാർഡ് അംഗം സി.ജി. നിഷാദ്, എം.എ. ദാസൻ, കെ.എൻ. ശശിധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രദേശം സന്ദർശിച്ചത്. അറുപതോളം വരുന്ന അപേക്ഷകരെ നേരിട്ടുകണ്ട് പരാതി കേട്ട സംഘം പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. സർക്കാരിന്റെ വാതിൽപ്പടി സേവനം സാധാരണക്കാരിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് റവന്യൂ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ സന്ദർശനം. നേരത്തെ മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരം റബർ പാർക്ക് കോളനിയിലും സമാന യോഗം സംഘടിപ്പിച്ചിരുന്നു.