പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് സഹകാരിക്കൾക്കായി വിതരണം ചെയ്യുന്ന നിത്യ നിധി - നിക്ഷേപ പെട്ടി ഇന്ന് മുതൽ വീടുകളിലെത്തിക്കും. ബാങ്കിൽ നിന്ന് 25000 രൂപ വരെയുള്ള സാധാരണ വായ്പ എടുക്കുന്നവരുടെ വീടുകളിലാണ് പെട്ടി നൽകുക. പെട്ടിയിൽ ഓരോരുത്തരുടെയും വരുമാനമനുസരിച്ച് ദിവസവും തുക നിക്ഷേപിക്കാം. രണ്ടാഴ്ച കൂടുമ്പോൾ ബാങ്കിലെ കളക്ഷൻ ഏജന്റുമാർ വീടുകളിലെത്തി പെട്ടി തുറന്ന് നിക്ഷേപം സ്വീകരിക്കുകയും വായ്പാ തിരിച്ചടവിൽ വരവു വയ്ക്കുകയും ചെയ്യും.
ആദ്യഘട്ടം 500 പേർക്കാണ് പെട്ടി നൽകുക. ബാങ്കിന്റെ ശാലേം ബ്രാഞ്ച് വാർഷികാഘോഷ വേദിയിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർഅലി വിതരണോദ്ഘാടനം ഇന്ന് നിർവഹിക്കും. വാർഷികാഘോഷം ശാലേം മാർബഹനാം സഹദാ വലിയപള്ളി വികാരി ഫാദർ എബ്രഹാം ആലിയാട്ടുകുടി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷത വഹിക്കും.