prise

കളമശേരി: നിയമസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനമികവിന് വ്യവസായ നിയമ മന്ത്രി പി.രാജീവ് ഏർപ്പെടുത്തിയ പുരസ്കാരം 'വിദ്യാർത്ഥികൾക്കൊപ്പം കളമശേരി' - ആകാശ മിഠായി സീസൺ 2 പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 9 ന് നടക്കുന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എ പ്ളസ് നേടിയവർ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ, ഡോക്ടറേറ്റ് ലഭിച്ചവർ എന്നിവരെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളേയുമാണ് ആദരിക്കുന്നത്. തുടർ പഠനത്തിലും മികവ് പുലർത്താൻ ഏവർക്കും പ്രചോദനമേകാനാണ് ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.