
മൂവാറ്റുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഐ.ഒ.ടിയും ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ബൈക്ക് നിർമ്മിച്ച് ഇലാഹിയ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ. ഏകദേശം ഒന്നേകാൽ ലക്ഷം രൂപ മുതൽമുടക്ക് വേണ്ടിവന്നു ഇലക്ട്രിക് ബൈക്ക് നിർമ്മാണത്തിന്.
പഴയ മോട്ടോർ ബൈക്ക് വാങ്ങി സാങ്കേതിക സംവിധാനം പൂർണമായും ഒഴിവാക്കി ഇലക്ട്രിക് ബൈക്കാക്കി മാറ്റുകയായിരുന്നു. 3000 ആർ. പി .എം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒന്നര കിലോ വാട്ട്സ് മോട്ടറും 25 എച്ച് .പി. ബാറ്ററിയുമാണ് ഇലക്ട്രിക് ബൈക്കിൽ ഘടിപ്പിച്ചിട്ടുള്ളത്. രണ്ടു മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും. 60 മുതൽ 80 വരെ കിലോമീറ്റർ സഞ്ചരിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ .ഒ .ടി എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച സോഫ്ട് വെയർ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണിലൂടെ ബൈക്ക് നിയന്ത്രിക്കാം. 8 ജിബി റാം ഉള്ള മൈക്രോചിപ്പ്, മൈക്രോ പ്രോസസർ എന്നിവയിലൂടെയാണ് മൊബൈൽ ഫോണിൽ നിന്നുള്ള നിയന്ത്രണം സാധ്യമാക്കുന്നത്. ജി .പി. എസ് ലൊക്കേഷൻ, ലോക്കിംഗ് സംവിധാനം, സ്പീഡ് നിയന്ത്രണം, ബാറ്ററി ചാർജ് നില മനസിലാക്കൽ, ബ്രേക്കിംഗ്, മുൻപിലുള്ള വസ്തുക്കൾ നിരീക്ഷിക്കൽ എന്നിവ ഇതിലൂടെ സാധ്യമാകും. ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകൻ ലിപിൻ പോളിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ സംഗീത് മാത്യു, എൽദോ ഷാജു, മോൻസി ബേബി, കമ്പ്യൂട്ടർ എൻജിനിയറിംഗ് അദ്ധ്യാപിക ഡോ.വദന കുമാരിയുടെ മേൽനോട്ടത്തിൽ അനിക്സ് സാം, ആൽബി കാവനാൽ , അലൻ എൽദോ എന്നിവർ ബൈക്ക് നിർമ്മാണത്തിൽ പങ്കാളികളായി.