captain

കൊച്ചി: മദ്ധ്യപ്രദേശിൽ പ്രളയത്തിൽപ്പെട്ട് മരിച്ച ആർമി ക്യാപ്ടൻ നിർമ്മൽ ശിവരാജിന് (31) കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഇൻഡിഗോ വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കേന്ദ്രസഹമന്ത്രി ഭഗവന്ത് കുബ നിർമ്മലിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടി കളക്ടർ ഡോ. രേണുരാജും വ്യവസായ മന്ത്രി പി. രാജീവും പുഷ്പചക്രം സമർപ്പിച്ചു. സംസ്ഥാന പൊലീസ് വീട്ടിലും വൈകിട്ട് അഞ്ചിന് സൈന്യം പച്ചാളം ശ്മശാനത്തിലും ഒൗദ്യോഗിക ബഹുമതി നൽകി. തുടർന്ന്, മൃതദേഹത്തിൽ അണിയിച്ചിരുന്ന ദേശീയ പതാക ഭാര്യ ലഫ്റ്റനന്റ് ഗോപീചന്ദ്രയെ ഏൽപിച്ചു.

സൈന്യത്തിന്റെ 91 ബ്രിഗേഡിന് വേണ്ടി കേണൽ ദിഗ്‌വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള 14അംഗ സംഘമാണ് മൃതദേഹത്തെ അനുഗമിച്ചതും സംസ്‌കാര ചടങ്ങുകൾ ഏകോപിപ്പിച്ചതും.

ജബൽപൂർ കരസേനാ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഗോപീചന്ദ്രയെ കണ്ടശേഷം തിങ്കളാഴ്ച രാത്രി പച്മാർഗിയിലെ ആർമി എജ്യൂക്കേഷൻ കോർ സെന്ററിലേക്ക് മടങ്ങുമ്പോഴാണ് നിർമ്മൽ സഞ്ചരിച്ച കാർ പ്രളയത്തിൽപെട്ട് ഒഴുകിപ്പോയത്.

മേയർ എം. അനിൽ കുമാർ, അനൂപ് ജേക്കബ്,​ പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാൽ തുടങ്ങിയവർ സംസ്‌കാരത്തിൽ പങ്കെടുത്തു.