വൈപ്പിൻ: കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലെ ഭൂമി പ്രശ്‌ന ബാധിതരുടെ റവന്യൂ ഇടപാടുകളിലെ തടസങ്ങൾ നീങ്ങാൻ വഴിയൊരുങ്ങുന്നു. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉറപ്പുനൽകി.

ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുനമ്പം വേളാങ്കണ്ണി മാത പള്ളി പാരിഷ് ഹാളിൽ വിളിച്ചു ചേർത്ത തീരദേശ വാസികളുടെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകായിയിരുന്നു എം.എൽ.എ.

വിഷയത്തിൽ ഉന്നതതല ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരത്തിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മന്ത്രി വി. അബ്ദുറഹിമാനും റവന്യു മന്ത്രി കെ. രാജനുമായി തിരുവനന്തപുരത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിഷയത്തിന്റെ ഗൗരവവും നിലവിലെ അവസ്ഥയും ധരിപ്പിച്ചിട്ടുമുണ്ട്. ജനങ്ങളുടെ ആശങ്കകൾ പൂർണമായും പരിഹരിക്കുമെന്നും റവന്യൂ വകുപ്പിന്റെയു വഖഫ് ബോർഡിന്റെയും അനുമതിയോടുകൂടി പ്രശ്‌നബാധിതർക്ക് ഉടൻ കരം അടക്കുവാൻ കഴിയുന്ന സാഹചര്യമൊരുക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മേഖലയിലെ ഏകദേശം 600 കുടുംബങ്ങളുടെ കരമടവ്, രജിസ്‌ട്രേഷൻ തുടങ്ങിയ റവന്യു നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. സ്ത്രീകളുൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്ത പൊതുയോഗത്തിൽ ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ അധ്യക്ഷനായി. കൺവീനർ സുനിൽ ചൂതംപ്പറമ്പിൽ, കോ ഓർഡിനേറ്റർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.