വൈപ്പിൻ: വൈപ്പിൻ ബസുകൾക്ക് കൊച്ചി നഗര പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് മേഖലയിലെ സാംസ്കാരിക നായകർ മുഖ്യമന്ത്രിക്ക് ഈ-മെയിൽ നിവേദനം നൽകി. വൈപ്പിനിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സാംസ്കാരിക ലോകത്തിന്റെ നടപടി.
ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സംവിധായകൻ ജിബു ജേക്കബ്, നടന്മാരായ മജീദ് എടവനക്കാട്, ഞാറക്കൽ ശ്രീനി, സംഗീത സംവിധായകൻ സെബി നായരമ്പലം, ഡോ.കെ.എസ്.പുരുഷൻ, സാഹിത്യകാരൻ ജോസഫ് പനക്കൽ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചത്. ഗോശ്രീ ആക്ഷൻ കൗൺസിൽ ചെയർമാൻ മജ്‌നു കോമത്ത്, സംവിധായകൻ വ്യാസൻ എടവനക്കാട്, ചലച്ചിത്ര താരം പൗളി വത്സൻ, കവയിത്രി അമ്മിണി ടീച്ചർ, മജീഷ്യൻ പി.സി.ചന്ദ്രബോസ്, ദേശീയ അവാർഡ് ജോതാവായ അദ്ധ്യാപകൻ പി. പി. ജോഷി എന്നിവരും നിവേദനം നൽകിയിട്ടുണ്ട്.