മൂവാറ്റുപുഴ : മണ്ണിടിച്ചിൽ സാധ്യതയഉള്ള സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുത്തിയ കോർമല ജലസംഭരണി പ്രദേശത്ത് സുരക്ഷാ മുൻകരുതൽ നടപടികളടക്കമുള്ള കാര്യങ്ങളിൽ ഒരുമാസത്തിനകം തീരുമാനമെടുക്കുമെന്ന് സ്ഥലം സന്ദർശിച്ച ഉന്നതതല സംഘം. കോർമല സംരക്ഷണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് വിദഗ്ധ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അടക്കമുള്ളവർക്ക് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോളുടെ നേതൃത്വത്തിൽ ഉന്നതതല സംഘം പരിശോധന നടത്തിയത്. ടാങ്കിന്റെ ബലപരിശോധനയും റോഡിന്റെ സുരക്ഷയും അടിയന്തിരമായി പരിശോധിക്കും.

വാട്ടർ ടാങ്കിന്റെ സംഭരണശേഷി പകുതിയായി കുറച്ചതുകൊണ്ട് നഗരത്തിലെ ജലവിതരണത്തെ എത്രത്തോളം ബാധിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ എം.എൽ.എ ആവശ്യപ്പെട്ടു. ടാങ്കിനെ പൂർണ്ണതോതിൽ ഉപയോഗപ്പെടുത്താൻ എന്തൊക്കെ മുൻ കരുതൽ വേണമെന്ന് പഠനം നടത്തണം, ഭാവിയിൽ മണ്ണിടിച്ചിൽ തടയാനും അപകടങ്ങൾ ഒഴിവാക്കാനും എന്തൊക്കെ മുൻകരുതൽ വേണമെന്ന നിർദ്ദേശങ്ങളും പഠിച്ച് റിപ്പോർട്ട് നൽകണം. ഇതനുസരിച്ച് പരിഹാരം കാണേണ്ടുന്ന ഡിപ്പാർട്ടുമെന്റകൾ സംബന്ധിച്ച് കൃത്യത വേണം. അതേസമയം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ സർക്കാർ ഫണ്ടുപയോഗിക്കാൻ കഴിയില്ലന്ന സാങ്കേതിക തടസം ഉദ്ധ്യോഗസ്ഥർ ചൂബണ്ടിക്കാട്ടി. ഇതിൽ സംസ്ഥാന ഡിസാസ്റ്റർമെന്റ് ഉദ്ധ്യോഗസ്ഥരുമായി ചർച്ചനടത്തി മറ്റു പരിഹാരങ്ങൾ ആരായും. പ്രക്യതിയാലുണ്ടായിരുന്ന സ്വാഭാവിക ചരിവ് മണ്ണടുത്തത് കൊണ്ട് നഷ്ടപെട്ടതാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. കൃഷികൾ, മറ്റ് പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടത്തരുതെന്ന് ഉദ്യോഗസ്ഥർ നേരത്തെ നിർദേശം നൽകിയിരുന്നു. മാത്യു കുഴല്‍നാടൻ എം .എൽ. എ, മുനിസിപ്പൽ ചെയർമാൻ പി .പി എൽദോസ് , കൗൺസിലർ ആശ അനിൽ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഡപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, ഡിസാസ്റ്റ്‌മെന്റ് ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ , വാട്ടർ അതോറിറ്റി സുപ്രണ്ടിഗ് എഞ്ചിനിയർ പ്രദീപ് വി .കെ ,എക്‌സി എഞ്ചിനിയർ രതിഷ് കുമാർ എസ് , എ . എക്‌സി .ഔസേഫ് എം .ഇ , എ. ഇ ജയശ്രീ . കെ.കെ എന്നിവരാണ് പരിശോധനക്കെത്തിയത്.