തൃക്കാക്കര : ജില്ലാ ആസ്ഥാനമായ കാക്കനാട് സർക്കാർ, പൊതു മേഖല, സ്വകാര്യ കമ്പനികൾ എന്നിവയുടെ കേബിളുകൾ മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. കേബിളിൽ കുരുങ്ങി കഴിഞ്ഞ മാസം ഇരുചക്ര യാത്രികർ മരിക്കാനിടയായ സംഭവത്തെത്തുടർന്ന് യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്ന കേബിളുകൾ മുറിച്ച് മാറ്റാൻ നഗരസഭ തീരുമാനമെടുത്തിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ പ്രചാരണം നൽകി കേബിൾ നീക്കുന്നത് ആരംഭിച്ചെങ്കിലും ചിലയിടങ്ങളിൽ പ്രവർത്തനങ്ങൾ ഒന്നുമായില്ല. അഞ്ചോളം വാർഡുകളിൽ അനധികൃത കേബിളുകൾ നീക്കം ചെയ്‌തില്ലെന്ന് ആരോപണമുയരുന്നുണ്ട്.
കേബിൾ കുരുക്ക് ഒഴിവാക്കാൻ നഗരസഭ വിളിച്ച യോഗത്തിൽ നഗരസഭാ പ്രദേശത്തെ ഉപയോഗശൂന്യമായ കേബിളുകൾ നീക്കംചെയ്യാൻ സേവനദാതാക്കൾക്ക് നഗരസഭ 15 ദിവസത്തെ സാവകാശവും നൽകിയിരുന്നു. തുടർന്നാണ് നഗരസഭ നടപടി ആരംഭിച്ചത്. ഒരാഴ്ച്ച കൊണ്ട് ഒരു ലക്ഷം മീറ്റർ കേബിൾ മുറിച്ച് മാറ്റിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
വലിയ റോഡുകളിൽ മുതൽ ഇടറോഡുകളിൽ വരെ ഇപ്പോഴും തലങ്ങും വിലങ്ങും കേബിളുകൾ വലിച്ചിട്ടുണ്ട്. ബലമില്ലാത്ത പോസ്റ്റുകളിലൂടെയാണ് പലയിടങ്ങളിലും കേബിളുകൾ വലിച്ചിട്ടുള്ളതെന്നു ഒറ്റനോട്ടത്തിൽ ബോധ്യമാകും. കേബിളുകളുടെ ഭാരം താങ്ങാനാകാതെ ചരിഞ്ഞു മണ്ണിലേക്കു മൂക്കുകുത്താറായ നിലകളിൽ ഒട്ടേറെ കേബിൾ പോസ്റ്റുകൾ നിരത്തിൽ കാണാം. പോസ്റ്റുകൾ ചരിഞ്ഞു കേബിൾ ലൂസായി തൂങ്ങിക്കിടന്നാലും അധികൃതർ ഗൗനിക്കാത്തത് അപകടത്തിന് വഴിയൊരുക്കുന്നു.