തൃപ്പൂണിത്തുറ: ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര 30 ന് നടക്കും. മൂന്നു വർഷങ്ങൾക്ക് ശേഷമാണ് ഇത്തവണ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായി ഘോഷയാത്ര നടത്തുന്നത്. 29 ന് വൈകിട്ട് 4 ന് ഹിൽപാലസിൽ നിന്ന് അത്തപതാക -കൊടിമര ഘോഷയാത്ര തുടങ്ങുന്നതോടെ അത്താഘോഷത്തിന് തുടക്കമാവും. 30 ന് രാവിലെ 9 ന് അത്തം നഗരമായ ഗവ. ബോയ്സ് ഹൈസ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.ബാബു എം.എൽ.എ അത്തപതാക ഉയർത്തും. എം.പി മാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് വർണ്ണ ശബളമായ അത്തം ഘോഷയാത്ര ആരംഭിക്കും. അത്തപ്പൂക്കള മത്സരം 10 മണിക്ക് സിയോൺ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വൈകിട്ട് 5.30 ന് ലായം കൂത്തമ്പലത്തിൽ ഓണം കലാസന്ധ്യ സിനിമാ നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. ഉത്രാടം നാൾ വരെ ലായം കൂത്തമ്പലത്തിൽ വൈകിട്ട് വിവിധ കലാപരിപാടികൾ അരങ്ങേറും. ഉത്രാടം നാൾ രാവിലെ 9 ന് തൃക്കാക്കരയിലേക്കുള്ള അത്തപതാകാ പ്രയാണം ആരംഭിക്കും.