snpp

മൂവാറ്റുപുഴ: മനുഷ്യനെ പടിപടിയായി മനുഷ്യത്വത്തിന്റെ ഉന്നതിയിലേക്ക് ഉയർത്തുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. എം.കെ. സാനു. നല്ല വിദ്യാഭ്യാസമാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അജു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ. സാനു.

മൃഗീയതയിൽ നിന്ന് മുക്തമായ സേവനസന്നദ്ധമായ നല്ല മനസാണ് അറിവ് സമ്പാദനത്തിലൂടെ മനുഷ്യന് കൈവരുന്നത്. കിരീടം അണിയേണ്ട ശിരസ് മുണ്ഡനം ചെയ്ത് ചെങ്കോൽ വലിച്ചെറിഞ്ഞ് മനുഷ്യരാശിയുടെ കണ്ണീരൊപ്പാൻ ഇറങ്ങിപ്പുറപ്പെട്ട ശ്രീബുദ്ധന്റെ മാതൃകയാണ് പ്രതിഭാ പുരസ്കാര ജേതാക്കൾ സ്വീകരിക്കേണ്ടതെന്ന് എം.കെ. സാനു പറഞ്ഞു. മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര ദാനച്ചടങ്ങിൽ കോളേജ് മാനേജർ വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. അഡ്വ. ജോയ്സ് ജോർജ് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. എസ്.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ.ജെ. പ്രസാദ് അദ്ധ്യാപകരെ ആദരിച്ചു. അജു ഫൗണ്ടേഷൻ ഡയറക്ടറും അന്നൂർ ദന്തൽ കോളേജ് ചെയർമാനുമായ ടി.എസ്. റഷീദ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ, എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഫൗണ്ടേഷൻ ഡയറക്ടർമാരായ കെ.എം. ദിലീപ്, അജേഷ് കോട്ടമുറിക്കൽ, രഞ്ചൻ, സി.കെ. ഉണ്ണി, കുമാരനാശാൻ പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.വി. മനോജ്, ദിവ്യ സുധിമോൻ എന്നിവർ നേതൃത്വം നൽകി.