പനങ്ങാട്: ഡ്രൈവർ ഇല്ലാതെ പിന്നോട്ടിറങ്ങിയ ലോറി സമീപത്തെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടിൽ ഇടിച്ചു നിന്നു. ഇന്നലെ രാവിലെ ഏഴരയോടെ ഉദയത്തുംവാതിലിൽ പെയിന്റ് ഗോഡൗണിന് സമീപത്തായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിൽ നിന്ന് പെയിന്റുമായെത്തിയതായിരുന്നു ലോറി.

രാവിലെ ലോഡിറക്കുന്നതിനായി ഗോഡൗണിലേക്ക് അടുപ്പിക്കുന്നതിന് മുന്നോടിയായി ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്തശേഷം ഹാൻഡ് ബ്രേക്കിടാതെ വാഹനത്തിൽ നിന്ന് ഇറങ്ങി. ഡ്രൈവർ ശുചിമുറിയിലേക്ക് പോയസമയം ലോറി താനിയെ പുറകിലേക്ക് ഇറങ്ങി റോഡ് മുറിച്ചു കടന്ന് സമീപത്തെ കിഴവനവീട്ടിൽ മോഹനന്റെ വീടിന്റെ മതിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയം വീടിന്റെ സിറ്റൗട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന വീട്ടുടമ വീടിനകത്തേക്ക് ഓടിക്കയറി. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾ ഇല്ലാതിരുന്നതും റോഡിലൂടെ മറ്റു യാത്രക്കാരും വാഹനങ്ങളും വരാതിരുന്നതും കൂടുതൽ അപകടം ഒഴിവാക്കി. പിന്നീട് വിവരമറിഞ്ഞെത്തിയ ഡ്രൈവർ ലോറി ഗോഡൗണിലേക്ക് കയറ്റിയിടുകയായിരുന്നു. നാട്ടുകാർ ഗോഡൗണിനെതിരെ പ്രതിഷേധിച്ചു.