കൊച്ചി: എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റെയിൽവേ ഇടനാഴി പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. പദ്ധതിക്ക് കൗൺസിൽ അംഗീകാരം ലഭിച്ചതോടെയാണിത്. കോർപ്പറേഷൻ നേതൃത്വത്തിൽ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. റെയിൽവേ ഇടനാഴി യാഥാർത്ഥ്യമായാൽ നഗരത്തിന്റെ കണ്ണായ ഭാഗത്തുള്ള പ്രദേശത്തിന്റെ മുഖച്ഛായ മാറും. ഇടുങ്ങിയ വഴിക്കു പകരം കൂടുതൽ വീതിയുള്ള റോഡുൾപ്പെടെ നിരവധി മാറ്റങ്ങൾ വരും. കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന കാര്യവും ആലോചനയിലുണ്ട്.
റെയിൽവേ ഇടനാഴി ചർച്ചകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ എം.ജി.റോഡ്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിലെ തിരക്ക് കുറയും. യാത്രക്കാർക്ക് സൗത്ത് സ്റ്റേഷനിൽ നിന്ന് നോർത്തിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും. ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും എന്നതിലുപരിയായി നഗര വികസനത്തിനും സഹായകമാകും.
നോർത്ത്–സൗത്ത് ഇടനാഴി
ഇരുസ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ റോഡാണ് നോർത്ത്–സൗത്ത് ഇടനാഴി. കോർപ്പറേഷന്റെ നേതൃത്വത്തിൽ റെയിൽപാളത്തിന് ഇരുവശത്തും വീതിയുള്ള റോഡ് നിർമ്മിക്കുകയാണ് ലക്ഷ്യം.
പറഞ്ഞുതുടങ്ങിയത് 2019ൽ
2019ൽ മുൻ യു.ഡി.എഫ് ഭരണസമിതിയുടെ സമയത്താണ് പദ്ധതിയെ കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. ഫ്രഞ്ച് വികസന ഏജൻസിയായ എ.എഫ്.ഡിയുടെ സഹായത്തോടെ യു.എം.ടി.സി പഠന റിപ്പോർട്ട് തയ്യാറാക്കി. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ അർബൻ പ്ലാനിംഗ് വിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെ നടത്തിയ സർവേ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് റിപ്പോർട്ട് പരിഷ്കരിച്ചു. കൗൺസിൽ അംഗീകാരം ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാകും.
ഫണ്ട് ഫ്രഞ്ച് ഏജൻസി വക
കേന്ദ്രസർക്കാരിന്റെ മൊബലൈസ് യുവർ സിറ്റി പദ്ധതിയുടെ ഭാഗമായി എ.എഫ്.ഡിയുടെ സാമ്പത്തികസഹായത്തോടെയാണ് ഇടനാഴി നടപ്പാക്കുന്നത്. വാഹനസൗകര്യങ്ങൾ, പൊതു ഗതാഗതക്രമീകരണം, വഴിസൗകര്യം തുടങ്ങിയവ എ.എഫ്.ഡി തീരുമാനിക്കും. 2.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ റെയിൽവേയുടെ 1.2 കിലോമീറ്റർ സ്ഥലവും കോർപ്പറേഷന്റെ 1.1 കിലോമീറ്റർ സ്ഥലവുമുണ്ട്. വെറും 20 മീറ്റർ മാത്രമേ സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടതുള്ളൂ. ഇതിൽ 80 ശതമാനം സ്ഥലത്തിന് അഞ്ചുമുതൽ എട്ടു മീറ്റർവരെ വീതിയുണ്ട്. സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സിവരെ നിലവിൽ ടൈൽ പാകിയ റോഡുമാണുള്ളത്. പദ്ധതിക്കായി സ്ഥലം നൽകാൻ റെയിൽവേ നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു.
.........................................
2.5
പദ്ധതിയിൽ 2.5 കിലോമീറ്റർ
ദൈർഘ്യമുള്ള റോഡാണുള്ളത്