കൊച്ചി: നഗരത്തിലെ തിരക്കുള്ള ബസ് സ്റ്റോപ്പിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാളെ മറ്റു യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. കർണാടക സ്വദേശി കുമാർ (35) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ കച്ചേരിപ്പടി ജംഗ്ഷനിലാണ് നാടകീയ സംഭവം അരങ്ങേറിയത്.

പൊലീസ് പറയുന്നത് : സ്കൂൾ വിട്ടശേഷം വൈകിട്ട് നാലോടെ സുഹൃത്തുക്കളോടൊപ്പം ബസ് കാത്ത് കച്ചേരിപ്പടിയിൽ നിൽക്കുകയായിരുന്നു ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനി. മദ്യപിച്ചെത്തിയ കുമാർ വിദ്യാത്ഥിനിയുടെ അടുത്തെത്തി പെടുന്നനെ കയറിപ്പിടിക്കുകയായിരുന്നു. കുട്ടിയും സുഹൃത്തുക്കളും അലറിക്കരഞ്ഞതോടെ ബസ് കാത്തുനിന്നവരും നാട്ടുകാരും ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പരാതിയിൽ പോക്സോ, ലൈംഗിക അതിക്രമ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹജരാക്കി.