മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ അത്യാധുനിക തിയേറ്ററടക്കമുള്ള ലക്ഷ്യ ലേബർ റൂമുകൾ രണ്ടു മാസത്തിനകം തുറക്കും. ലക്ഷ്യ ലേബർ റൂം നിർമ്മാണ പുരോഗതി വിലയിരുത്താൻ മാത്യു കുഴൽനാടൽ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സമയപരിധി സംബന്ധിച്ച തീരുമാനം.

ലേബർ റൂം നിർമ്മാണം എം.എൽ.എയും ഉദ്യോഗസ്ഥരും വിലയിരുത്തി. അതിവേഗം നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് കഴിയാവുന്ന മാറ്റങ്ങൾ വരുത്തും. എൻ.എച്ച്.എമ്മിന്റെ 2.6 കോടി ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല എച്ച്.എല്ലിനാണ്. പദ്ധതി പ്രകാരം രണ്ട് അത്യാധുനിക തിയേറ്റർ, അത്യാധുനിക ലേബർ റൂം, സെപ്ടിക് ലേബർ റൂം, ഓട്ടോക്ലേവ്‌ റൂം, സ്റ്റെറൈൽ ആൻഡ് നോൺസ്റ്റെറൈൽ റൂം, ഡോക്ടർമാർക്കും നേഴ്‌സുമാർക്കും പ്രത്യേക മുറികൾ, ട്രയാജ് റൂം, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ആശുപത്രിയിൽ ഒരുക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ രോഗികൾക്ക് ഓപ്പറേഷൻ അനുബന്ധ സൗകര്യങ്ങൾ ലഭിക്കും.

നഗരസഭാ ഹെൽത്ത് ചെയർമാൻ പി.എം.അബ്ദുൽ സലാം, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. രോഹിണി, എൻ. എച്ച്.എം ജില്ലാ ബയോ മെഡിക്കൽ എൻജിനിയർ എൽ.രേവതി, സൂപ്രണ്ട് ഇൻചാർജ് ഡോ.എ.ബി. വിൻസന്റ് , ആർ.എം.ഒ ഡോ. എൻ.പി.ധന്യ, എച്ച് .എൻ.എൽ സീനിയർ മാനേജർ ഉദയകുമാർ, പി.ഡബ്ല്യു.ഡി - കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥ‌ർ,​ കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.