അങ്കമാലി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ടർഫ് കോർട്ട് തുറക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും നഗരസഭാ അങ്കണത്തിൽ ഫുട്ബാൾ കളിയും സംഘടിപ്പിച്ചു.
മുൻ ഭരണസമിതിയുടെ കാലത്ത് 50 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടർഫ് കോർട്ട് നിർമ്മാണമാരംഭിച്ചത്.
കോർട്ടിന്റെ ബൈലോ തയാറാക്കിയിരുന്നില്ല. ജനറേറ്റർ, വിശ്രമമുറി, ശുചിമുറി, കുളിക്കുവാനുള്ള സൗകര്യം, നടപ്പാത, ഡ്രൈനേജ് സൗകര്യം തുടങ്ങിയവയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നില്ല. എന്നാൽ ടർഫ് കോർട്ട് തുറക്കാത്തതിനെതിരെയുള്ള പ്രതിപക്ഷം സമരം ഭയന്ന് നഗരസഭ തിടുക്കപ്പെട്ട് എം.എൽഎയെകൊണ്ട് ഉദ്ഘാടനം നടത്തുകയായിരുന്നു.
നഗരസഭാ കൗൺസിലിനേയും യുവാക്കളേയും അങ്കമാലിയിലെ ജനങ്ങളെയും അവഹേളിച്ച ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ.കുര്യാക്കോസ് പറഞ്ഞു. പ്രതിഷേധ മാർച്ചും ഫുട്ബാൾ കളിയും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. എബിൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, മാനുവൽ കുര്യാക്കോസ്, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.