
കൊച്ചി: എൻ.എസ്.എസ് സ്കൂളുകളിലെ പ്ളസ് വൺ സീറ്റിൽ പത്തുശതമാനം സമുദായ ക്വാട്ടയിലേക്ക് നായർ സമുദായത്തിൽ നിന്നുള്ള കുട്ടികൾക്ക് മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് ഹൈക്കോടതി. മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകൾക്ക് സർക്കാർ അനുവദിച്ച പത്തുശതമാനം സമുദായ ക്വാട്ട സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അപ്പീൽ നേരത്തെ പരിഗണിച്ച ഡിവിഷൻ ബെഞ്ച് എൻ.എസ്.എസ് സ്കൂളുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതു സ്റ്റേ ചെയ്തിരുന്നു. സമുദായ ക്വാട്ടയിലെ പ്രവേശന നടപടികളുമായി എൻ.എസ്.എസിന് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി ഉത്തരവില്ലാതെ പ്രവേശനം അന്തിമമാക്കരുതെന്നും ആഗസ്റ്റ് 16നു നിർദ്ദേശിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വാദം കേട്ടശേഷമാണ് മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ അനുമതി നൽകിയത്. സമുദായ ക്വാട്ട റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ എൻ.എസ്.എസ് നൽകിയ അപ്പീലിൽ വാദം തുടരും.
മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിലെ പ്ളസ് വൺ പ്രവേശനത്തിന് പത്തുശതമാനം സമുദായ ക്വാട്ട അനുവദിച്ച സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ജൂലായ് 27നാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്.