kus
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മേയറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം

കൊച്ചി: കുടിവെളള ലൈനുകളിലെ പമ്പിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളാണ് കുടിവെളള ക്ഷാമത്തിന് കാരണമെന്നും പ്രശ്നം പരിഹരിക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. കുടിവെളള ക്ഷാമവുമായി ബന്ധപ്പെട്ട് മേയർ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.

കൊച്ചി കോർപ്പറേഷനിലെ 33,34,70,71,72,73 ഡിവിഷനുകളായ എളമക്കര നോർത്ത്, പുതുക്കലവട്ടം, കലൂർ നോർത്ത്, എളമക്കര സൗത്ത്, പൊറ്റക്കുഴി, പച്ചാളം എന്നിവിടങ്ങളിലാണ് രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവപ്പെടുന്നത്.

കുടിവെളള വിതരണവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കോർപ്പറേഷൻ ഫണ്ടിലേക്ക് വാങ്ങുന്നില്ലെങ്കിലും, അമൃത്, കെ.എസ്.യു.ഡി.പി എന്നിങ്ങനെ വിവിധ പദ്ധതികളിലായി കോടികണക്കിന് രൂപയാണ് കുടിവെളള വിതരണത്തിനായി ചെലവഴിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഇതിന് പുറമെ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് കുടിവെളള ക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ടാങ്കറുകളിലും നഗരസഭ കുടിവെളള വിതരണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ ഓഡിറ്റ് വിഭാഗത്തിന്റെ തടസവാദവും നിലനിൽക്കുന്നുണ്ട്.
കുടിവെളള പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇടപ്പള്ളി ബി.ടി.എസ്. കലുങ്കിന് താഴെയുളള ജലവിതരണ പൈപ്പുകൾ കോർപ്പറേഷൻ സ്വന്തം ചെലവിൽ മാറ്റി സ്ഥാപിച്ചിരുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. കുടിവെളള ക്ഷാമത്തിന് പൂർണമായ പരിഹാരം ഉണ്ടാകുന്നത് വരെ വിഷയത്തിൽ തുടരവലോകനം ഉണ്ടാകുമെന്നും അല്ലാത്തപക്ഷം വാട്ടർ അതോറിട്ടി​ അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ യോഗത്തിൽ അറിയിച്ചു.

വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർമാർ, കൗൺസിലർമാരായ സജിനി ജയചന്ദ്രൻ, സി.എ. ഷക്കീർ, സീന, വിന്നി വിവേര തുടങ്ങിയവർ പങ്കെടുത്തു.