ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നാരോപിച്ച് സി.പി.എം മംഗലപ്പറമ്പ്, മണ്ടള ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലൈഫ് മിഷൻ ലിസ്റ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ വൈകിയതു മൂലം ആനൂകുല്യം നഷ്ടമാകുമെന്ന് പ്രചരിപ്പിച്ച് ഗുണഭോക്താക്കളെ ആശങ്കയിലാക്കുകയാണ് പ്രതിപക്ഷം. യു.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിൽ നിന്ന് ഗ്രാമസഭാ മിനിട്സ് പഞ്ചായത്തിലെത്തിക്കാൻ വൈകിയതുകൊണ്ടാണ് വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതെന്ന് സി.പി.എം. പറയുന്നു. ആർക്കും ഇതുമൂലം ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു. ലോക്കൽ സെക്രട്ടറി വി.സി. അഭിലാഷ്, ലോക്കൽ കമ്മിറ്റി അംഗം എ.ആർ.പ്രവീൺകുമാർ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എം.എ.അരുൺ, റംല ലത്തീഫ്, ടി.കെ. അയ്യപ്പൻ, ശ്രീദേവി സുധി, സബിത നാസർ, ജിൽഷാ തങ്കപ്പൻ, കെ.സി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.