11

തൃക്കാക്കര: എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ എറണാകുളം ജില്ലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റാൻസി ഖാദർ പരീക്ഷാർത്ഥി​കളുമായി​ സംവദി​ച്ചത് വേറി​ട്ട അനുഭവമായി​.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച സൗജന്യ പി എസ്.സി പരിശീലന ക്ലാസി​ൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുമായിട്ടാണ് ഇവർ വി​ജയാനുഭവം പങ്കി​ട്ടത്. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന് ഒരു മികച്ച തൊഴിൽ നേടുക അതുവഴി സമൂഹത്തിൽ അംഗീകാരം നേടുക എന്ന ഉറച്ച ആഗ്രഹമാണ് എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുംവിധം മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് റാൻസി പറഞ്ഞു. റാൻസി​യുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. എൽ കെ ജി ക്ലാസി​ൽ പഠിക്കുന്നതടക്കം മൂന്ന് കുട്ടികളുടെ അമ്മയുമാ ണി​വർ. ചിട്ടയായ പരിശീലനവും നിശ്ചയ ദാർഢ്യവുമാണ് ഉന്നത വിജയം നേടുന്നതിന് ഘടകമായതെന്ന് പറഞ്ഞു. മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദു റഹിമാൻ കുട്ടി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഉപഹാരം റാൻസി ഖാദറിന് നൽകി. പി എസ് സി പരീക്ഷാ പരിശീലനത്തിനായി സൗജന്യമായി ഹാൾ അനുവദിച്ച് നൽകിയിട്ടുള്ള കാക്കനാട് പെൻഷൻ ഭവൻ ചുമതലക്കാരായ കെ ജഗദമ്മ, എ ശ്രീധരൻ നായർ എന്നിവർ പെൻഷൻ സംഘടനയുടെ ഉപഹാരങ്ങൾ നൽകി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ വി എസ് ബീന, എംപ്ലോയ്‌മെന്റ് ഓഫീസർ വി.ഐ കബീർ, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി വൈ.രാജി എന്നിവർ സംസാരിച്ചു.