gen

കൊച്ചി: ഹൃദയ ശസ്ത്രക്രിയാരംഗത്ത് അത്യപൂർവ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർ. ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്. നേട്ടംകുറിച്ച ഡോക്ടർമാരെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ശ്രീചിത്തിര ഉൾപ്പെടെ അപൂർവം സർക്കാർ ആശുപത്രികളിൽ മാത്രമേ ടി.എ.വി.ആർ. ശസ്ത്രക്രിയ (ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലെയ്‌സ്‌മെന്റ് ) ഇതുവരെ ലഭ്യമായിരുന്നുള്ളൂ. ഇന്ത്യയിൽ ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ നൂതന ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രൊജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവയ്ക്കുന്നത്. രോഗിയെ പൂർണമായും മയക്കാതെയാണ് ശസ്ത്രക്രിയ.

രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ-ചാർജ് ഡോ.ആശ കെ. ജോൺ പറഞ്ഞു. കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. ആശിഷ് കുമാർ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോർജ് വാളൂരാൻ, കാർഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ജിയോ പോൾ, ഡോ. ദിവ്യ ഗോപിനാഥ്, ഡോ.സ്റ്റാൻലി ജോർജ്, ഡോ. ബിജുമോൻ, ഡോ. ഗോപകുമാർ, ഡോ. ശ്രീജിത് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.