anganwadi

കൊച്ചി: അങ്കണവാടികൾ ഇനി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സാമൂഹിക വിഭവകേന്ദ്രങ്ങളാകും. ആദ്യഘട്ടത്തിൽ രണ്ട് കോടി ചെലവിൽ 25 അങ്കണവാടികൾ നവീകരിക്കും. അഡോളസെന്റ് ക്ലബ്, ലൈബ്രറി, ശിശുസൗഹൃദ ടോയ്ലറ്റ്, കളിസ്ഥലങ്ങൾ എന്നിവയാണ് നി‌ർമ്മിക്കുക. കെട്ടിടത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തി ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ നവീകരണത്തിനായി അനുവദിക്കും. തദ്ദേശഭരണ എൻജിനിയറിംഗ് വിഭാഗത്തിനാണ് ചുമതല.

കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ഇടുക്കി, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം, കാസർകോട്, പാലക്കാട്, കോട്ടയം, കൊല്ലം, വയനാട് എന്നീ ജില്ലകളിലെ അങ്കണവാടികളാണ് നവീകരിക്കുക.

എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് സഹിതം പ്രൊപ്പോസലുകൾ തയ്യാറാക്കി വനിതാ ശിശുവികസന വകുപ്പിന് കൈമാറി. ഇവയിൽ നിന്നാണ് 25 അങ്കണവാടികൾ തിരഞ്ഞെടുക്കുക. പ്രവർത്തനങ്ങൾ തദ്ദേശ വകുപ്പ് ചീഫ് എൻജിനിയർ അടിയന്തരമായി ആരംഭിക്കണമെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടർ‌ ഇറക്കിയ ഉത്തരവിൽ പറയുന്നു. അതത് പോഗ്രാം ഓഫീസർമാർ പ്രതിമാസ നവീകരണ പുരോഗതി വിലയിരുത്തി പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണം.

ആദ്യഘട്ടത്തിൽ ഒരോ ജില്ലയ്ക്കും അനുവദിക്കുന്ന തുക

(സെന്ററുകളുടെ എണ്ണവും ചുവടെ)

കോഴിക്കോട്- 4, 1455000

പത്തനംതിട്ട-2, 564000

മലപ്പുറം- 3, 1506000

ഇടുക്കി- 1, 151000

തൃശൂർ- 4, 481499

കണ്ണൂർ- 2, 2000000

തിരുവനന്തപുരം- 2, 1087000

കാസർകോട്-1, 1000000

പാലക്കാട്- 1, 260000

കോട്ടയം-2, 836232

കൊല്ലം- 2, 304000

വയനാട്- 1, 300000