
കൊച്ചി: കായചികിത്സ വിഭാഗത്തിന്റെ സ്പെഷ്യൽ ഒ.പി സൗകര്യം ഒരുക്കി തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഒ.പി. രോഗികൾ ഒ.പി നമ്പർ ഒന്നിലെത്തിയാൽ മതി. ആയുർവേദ ചികിത്സാരീതികളെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ ഒ.പികൾ ആരംഭിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുമ്പ് പ്രമേഹത്തിനും മാനസിക രോഗങ്ങൾക്കുമുള്ള ഒ.പി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇനി മുതൽ തിങ്കൾ മുതൽ വെള്ളി വരെ ഓരോ ദിവസവും ഓരോ രോഗങ്ങൾക്കുമുള്ള ചികിത്സ ലഭിക്കും. കിടത്തി ചികിത്സിക്കേണ്ട അസുഖമാണെങ്കിൽ അതിനും വിദഗ്ദ്ധ ചികിത്സ നൽകണമെങ്കിൽ അതും നൽകും. 2030ഓടെ ആയുർവേദത്തിന് അലോപ്പതിക്ക് തുല്യമായ പ്രാധാന്യം നേടിയെടുക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓരോ വിഭാഗങ്ങളിലും ചികിത്സ ആരംഭിക്കുന്നത്. നിലവിൽ കായചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാരും പി.ജി ഡിപ്ലോമ, പി.ജി അവസാന വർഷ ക്ലാസുകളിൽ പഠിക്കുന്ന 21 വിദ്യാർത്ഥികളുമാണ് ഒ.പിയിൽ സേവനമനുഷ്ഠിക്കുന്നത്.
ഒ.പി ദിവസങ്ങൾ
തിങ്കൾ- ഹൃദ്യം: ഹൈപ്പർ ടെൻഷൻ, ഹൃദയസംബന്ധമായ രോഗങ്ങൾ
ചൊവ്വ- മേഹമിത്ര: പ്രമേഹം, അനുബന്ധ രോഗങ്ങൾ
ബുധൻ- സുമന: മാനസിക രോഗങ്ങൾ
വ്യാഴം- പ്രതീക്ഷ: പുരുഷ വന്ധ്യതയും മറ്റ് അനുബന്ധ രോഗങ്ങളും
വെള്ളി- ആഗ്നേയ: ഉദര സംബന്ധമായ രോഗങ്ങൾ
കായചികിത്സ
അലോപ്പതി ജനറൽ മെഡിസിൽ പോലെ ആയുർവേദത്തിൽ എല്ലാവിധ അസുഖങ്ങൾക്കും ചികിത്സ നൽകുന്ന വിഭാഗമാണ് കായചികിത്സ. ആയുർവേദചികിത്സയുടെ എട്ടുവിഭാഗങ്ങളിൽ ഒന്നാണിത്.
ആയുർവേദ ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇനി കിഡ്നി സംബന്ധമായ അസുഖങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സാ രീതികളും ആയുർവേദത്തിൽ വരേണ്ടതുണ്ട്. അതിനുള്ള പഠനങ്ങൾ നടന്നുവരികയാണ്.
ടി.എം. ഷൈലമ്മ
എച്ച്.ഒ.ഡി, കായചികിത്സ വിഭാഗം
ഗവ. ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ