
ആലുവ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് പൊതുജനത്തെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജോസ് മാവേലിയെ പാലാ സെന്റ് തോമസ് കോളജ് അലുമ്‌നി അസോസിയേഷൻ ആദരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജോസ് മാവേലിയെ പൊന്നാടയണിയിച്ചു. അസോസിയേഷൻ സീനിയർ അംഗം അഡ്വ. ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
തെരുവുനായ ശല്യത്തിനെതിരെ പോരാടിയ ജോസ് മാവേലിക്കെതിരെ മൃഗസ്‌നേഹികളുടെയും പേവിഷമരുന്നു ലോബിയുടെയും പരാതിയിൽ പൊലീസ് പതിനഞ്ചോളം കേസെടുത്തിരുന്നു. ഭൂരിഭാഗം കേസുകളും വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പിഴയടച്ചാണ് അവസാനിപ്പിച്ചത്. ഇനിയും മൂന്ന് കേസുകൾകൂടി കോടതിയിലുണ്ട്. നിരവധിപേരാണ് ദിനംപ്രതി തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്. ഇതിനെതിരെ ശബ്ദിക്കാൻ സാധാരണക്കാർക്ക് ഭയമാണ്. തെരുവിലലയുന്ന നായ്ക്കകളെ പഞ്ചായത്തുകൾതോറും ഷെൽട്ടറുകൾ സ്ഥാപിച്ച് സംരക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് മറുപടി പ്രസംഗത്തിൽ ജോസ് മാവേലി ആവശ്യപ്പെട്ടു.
കായിക പ്രേമിയായ ജോസ് മാവേലി ദേശീയ സീനിയർ വെറ്ററൻ ചാമ്പ്യൻ സ്ഥാനം നാല് തവണ നേടിയിട്ടുണ്ട്. 2004ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻമീറ്റിൽ ഏറ്റവും വേഗമേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവി സ്വന്തമാക്കി. കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും 2008ൽ ജനസേവ സ്‌പോട്‌സ് അക്കാഡമിയും ആരംഭിച്ചു. 2022 ലെ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടംനേടിയ ബിബിൻ അജയൻ അടക്കം നിരവധി താരങ്ങൾ വിവിധ കായിക വിഭാഗങ്ങളിൽ അക്കാഡമിയിലൂടെ പ്രതിഭ തെളിയിച്ചിരുന്നു.