
കോലഞ്ചേരി: എം.സി റോഡിൽ മണ്ണൂർ കീഴില്ലം ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കുമ്പോഴും പരിഹാരം ഇനിയുമകലെ. കഴിഞ്ഞ ദിവസം ബൈക്കും കാറും തമ്മിലുള്ള അപകടത്തിൽ കാർ പൂർണ്ണമായി കത്തി നശിച്ചു. മണ്ണൂരിൽ വാളകത്തേയ്ക്ക് തിരിയുന്ന ഭാഗം മുതൽ കീഴില്ലം അമ്പലം വരെ അശാസ്ത്രീയമായ വളവുകളും കയറ്റിറക്കങ്ങളുമാണ് റോഡിനെ കുരുതിക്കളമാക്കുന്നത്.
റോഡ് നിർമ്മാണ ഘട്ടത്തിൽ ഭൂവുടമകളായ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് റോഡിന്റെ അലൈൻമെന്റ് മാറ്റി മറച്ചതാണ് ഇന്ന് റോഡിൽ പ്രതിദിനം ഒരപകടം എന്ന നിലയിലേയ്ക്ക് ഈ ഭാഗത്തെ എത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പടിഞ്ഞാറെ കവലയിൽ നിന്ന് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതെ വരുന്നതും അപകടങ്ങളുണ്ടാക്കുന്നുണ്ട്.
വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു.
റോഡിലെ അപകടകരമായ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കിയതാണ് എം.സി റോഡ്.
നിർമ്മാണകാലത്തു തന്നെ അപകടകരമായ വളവുകളാണ് റോഡിൽ നിരവധി ജീവനുകൾ പൊലിയുന്നതിനു കാരണമായി. അതിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാട് നിന്നുള്ള റോഡ് വന്നുകയറുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാനമായ രീതിയിലാണ് കിഴക്കെകവലയിലും. എം.സി റോഡിൽ നിന്ന് വെങ്ങോല, പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന ജംഗ്ഷനാണിത്. രണ്ടിടത്തും കാഴ്ച മറയ്ക്കുന്ന വളവുകളാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അഞ്ചിലധികം അപകടങ്ങൾ ഇവിടെ നടന്നു.
അപകട പരമ്പരയൊരുക്കുന്ന ഇവിടെ അന്നപൂർണ ജംഗ്ഷനിലും കിഴക്കെ കവലയിലും അപകട വളവെന്ന മുന്നറിയിപ്പ് സ്ഥാപിച്ചിട്ട് അധികനാളാവുന്നില്ല. എന്നാൽ സിഗ്നൽ ശ്രദ്ധിക്കാതെയാണ് ഇപ്പോഴും വാഹനങ്ങളുടെ മരണപ്പാച്ചിൽ.
കീഴില്ലം സ്കൂൾ ജംഗ്ഷനിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുമ്പോൾ നേർക്കാഴ്ചയുള്ള ഇറക്കം കഴിഞ്ഞു വരുന്ന വളവിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മാത്രം 8 ലധികം അപകടങ്ങൾ ഇവിടെ നടന്നു. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയുന്നതാണ് അപകടത്തിനു കാരണം.
മഞ്ഞ സിഗ്നൽ സ്ഥാപിച്ച ശേഷം റോഡിൽ അപകട വളവാണെന്നറിയിക്കുന്ന സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചുവെങ്കിലും അപകടങ്ങൾക്ക് കുറവുമില്ല. കൊല്ലം അഞ്ചൽ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് കത്തി നശിച്ചത്. വിദ്യാർത്ഥികൾ അടക്കം 5 പേരാണ് കാറിൽ ഉണ്ടായിരുന്നത് ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള അപകട മുന്നറിയിപ്പ് സൂചന നൽകി സ്ഥാപിച്ച ബോർഡ് ഒടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി, പുനഃസ്ഥാപിക്കാൻ അധികൃതർ നടപടികൾ എടുത്തിട്ടില്ലെന്നും പരാതിയുണ്ട്.