
ആലുവ: റോഡ് സൈഡിലെ അനധികൃത വാഹന പാർക്കിംഗ് വ്യാപാരികൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. ആലുവ ബൈപ്പാസ് കവലയ്ക്കും ബാങ്ക് കവലയ്ക്കും ഇടയിലെ ബ്രിഡ്ജ് റോഡിലാണ് വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നത്. മെട്രോ റെയിൽ മാർഗം എറണാകുളത്തേക്ക് പോകുന്നവരുടെ വാഹനങ്ങളാണ് ഇതിലേറെയും. പ്രശ്‌നം പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആലുവ നഗരത്തിലെ റോഡുകളിൽ ഏറ്റവും അധികം വീതിയുള്ള ഭാഗത്താണ് തലങ്ങും വിലങ്ങും വാഹനം പാർക്ക് ചെയ്യുന്നത്. മെട്രോ റെയിൽ വന്നതോടെ അനധികൃത പാർക്കിംഗ് പ്രശ്‌നം ഇരട്ടിക്കുകയായിരുന്നു. റോഡിലേക്ക് കയറ്റിവരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ ഒന്നിലധികം നിരകളായും കാറുകളടക്കം നിർത്തിയിടുന്നു. കാൽനട യാത്രക്കാരാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്. വാഹനക്കുരുക്കും പതിവാണ്. ഈ ഭാഗത്തെ പ്രമുഖ ഷോപ്പിംഗ് കോംപ്ളക്സിൽ നഗരസഭ അംഗീകരിച്ച പ്ളാനിന് വിരുദ്ധമായി പാർക്കിംഗ് ഏരിയ വരെ കടമുറികളാക്കി നൽകിയിരിക്കുകയാണ്. ഇതുമൂലം ഷോപ്പിംഗ് കോംപ്ളക്സിൽ നാമമാത്രമായ സ്ഥലമാണ് പാർക്കിംഗിനുള്ളത്.
നഗരത്തിലെ കെട്ടിടങ്ങളുടെ പരിശോധനയ്ക്ക് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി അനധികൃത നിർമ്മാണം പൊളിച്ചുനീക്കിയാൽ പാർക്കിംഗിന് ആവശ്യമായ സ്ഥലമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.