തൃപ്പൂണിത്തുറ: എരുർ സൗത്ത് പോട്ടയിൽ ബസ് സ്റ്റോപ്പിന് സമീപം രണ്ടു വർഷങ്ങൾക്കു മുമ്പ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് അടച്ചിട്ടിരിക്കുന്ന ഡോ.സുകുമാരൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ പൊതുജനാവശ്യത്തിനായി തുറന്നുകൊടുക്കണമെന്ന് ട്രൂറ എരൂർ മേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒട്ടേറെ റെസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു സംഘടനകളും പ്രവർത്തിക്കുന്ന എരൂർ പ്രദേശത്തു മീറ്റിംഗുകളും വാർഷികങ്ങളും കുടുംബങ്ങളിലെ ചടങ്ങുകളും മറ്റും നടത്തുവാൻ വലിയ വാടക നിരക്കുകുള്ള ഹാളുകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്. അതിനാൽ ഉദ്ഘാടനം കഴിഞ്ഞ് അകാരണമായി അടച്ചിട്ടിരിക്കുന്ന കമ്മ്യൂണിറ്റി ഹാൾ നഗരസഭയ്ക്ക് കൂടി വരുമാനം ലഭിക്കുന്ന രീതിയിൽ ചെറിയ നിരക്കുകൾ ഈടാക്കി പൊതുജനത്തിന് ഉപകരിക്കുന്ന വിധത്തിൽ തുറന്നു കൊടുക്കണമെന്ന് സമ്മേളനം നഗരസഭയോട് ആവശ്യപ്പെട്ടു. ചടങ്ങിൽ ഉന്നത വിജയം നേടിയവരെയും മാലിന്യ മുക്ത ഭാരതം എന്ന സന്ദേശം ഉയർത്തി 100 കിലോ മീറ്റർ അൾട്രാ മാരത്തൺ പൂർത്തിയാക്കിയ ദീപക് ഷേണായിയെയും ആദരിച്ചു. ചെയർമാൻ വിപി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എരുർ മേഖലാ പ്രസിഡന്റ്‌ വി ജി. മുരളികൃഷ്ണദാസ് അദ്ധ്യക്ഷനായി.