y

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നഗരസഭാ യാത്രിനിവാസ് ബസ് ടെർമിനലിൽ നടപ്പാക്കിയ നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുച്ചക്രവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. ബസ് യാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങളിലെത്തുന്നവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും അനധികൃത പാർക്കിംഗ് ദുരിതം സമ്മാനിക്കുകയാണ്. നഗരസഭയുടെ മൂക്കിന് താഴെ നടക്കുന്ന നിയമലംഘനം

ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹാരം കാണാൻ അധികാരികൾ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

നഗരസഭയിലെ 21-ാം വാർഡിൽപ്പെട്ട യാത്രിനിവാസ് ഷോപ്പിംഗ് കോംപ്ലക്സിലെ ബസ് ടെർമിനലിൽ രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരാണ് പ്രധാനമായും ഇരുച്ചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം ബസ് യാത്രക്കാർ നിൽക്കാൻ പോലും ഇടമില്ലാതെ ദുരിതം പേറുകയാണ്. വ്യാപാരികളും വാഹനങ്ങൾ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്നുണ്ട്. ബസ് ടെർമിനൽ സ്ഥാപിക്കുമ്പോൾ ഷോപ്പിംഗ് കോംപ്ലക്സിൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് മുനിസിപ്പൽ സ്റ്റേഡിയത്തിന് പിന്നിൽ സൗകര്യമൊരുക്കിയിരുന്നു. എന്നാൽ അത് ഉപയോഗപ്പെടുത്താൻ വ്യാപാരികളും തയ്യാറാകുന്നില്ല.

യാത്രിനിവാസ് ഷോപ്പിംഗ് കോംപ്ലക്സിൽ സെക്യൂരിറ്റി സംവിധാനമില്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു. യാത്രാദുരിതം അവസാനിപ്പിക്കാൻ നഗരസഭാ ഭരണസമിതി നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.

യാത്രക്കാർക്ക് വാഹനങ്ങൾ സുരക്ഷിതമായി വച്ചുപോകുന്നതിന് പെരുമ്പാവൂരിൽ പാർക്കിംഗ് സൗകര്യം നിലവിലില്ല. അതിനാലാണ് ആളുകൾ യാത്രിനിവാസിൽ വാഹനങ്ങൾ വച്ചുപോകുന്നത്. നഗരസഭ ഇടപെട്ട് ടൗണിൽ പേ ആൻഡ് പാർക്ക് സംവിധാനമൊരുക്കണം.

ടി.എം. നസീർ , സാമൂഹ്യ പ്രവർത്തകൻ