കൊച്ചി: ലോകകായികരംഗത്ത് ഇന്ത്യയ്ക്ക് ശോഭിക്കാനാകാത്തതിന് കാരണം പ്രോട്ടീൻ കുറഞ്ഞ ഭക്ഷണ രീതിയാണെന്ന് നോർക്കാ റൂട്ട് ഡയറക്ടറും അമേരിക്കയിലെ പ്രമുഖ ന്യൂട്രീഷ്യൻ സയന്റിസ്റ്റുമായ ഡോ. മാധവൻ അനിരുദ്ധൻ പറഞ്ഞു. ആയുർവേദ ഡോക്ടർമാരുമായി കൊച്ചിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. സസ്യഭക്ഷണത്തിൽ നിന്ന് വളരെക്കുറവ് പ്രോട്ടീനാണ് ശരീരത്തിന് ലഭിക്കുക. ഇന്ത്യാക്കാരിൽ ഏറിയപങ്കും മാംസഭക്ഷണം കഴിക്കാത്തതിനാൽ കായികശക്തിയിൽ അവർ പിന്നിൽപോകും. ഇന്ത്യയിൽ വ്യാജ പ്രോട്ടീൻ വ്യാപകമായി വിപണിയിലുണ്ട്. ആവശ്യത്തിലേറെ പ്രോട്ടീൻ കഴിച്ചാൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോ.അനിരുദ്ധൻ പറഞ്ഞു. അമേരിക്കയിലെ പ്രമുഖ ഫുഡ് സ്പെഷ്യാലിറ്റി കമ്പനിയായ എസെൻ ന്യൂട്രീഷ്യൻ കോർപ്പറേഷന്റെ സ്ഥാപകനാണ് ഇദ്ദേഹം.