മൂവാറ്റുപുഴ: കൃഷി ആരംഭിക്കുന്നതിനും നിലവിലെ കൃഷിക്ക് ഇടവളം നൽകുന്നതിനുമുള്ള സമയത്തെ രാസവള ക്ഷാമവും വില വർദ്ധനയും കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കൃഷിക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളായ ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ്, എന്നിവയ്ക്ക് കടുത്ത വിലക്കയറ്റവും ദൗർലഭ്യവുമാണ് അനുഭവപ്പെടുന്നത്.
2021 ഏപ്രിൽ മുതൽ രാസവളങ്ങളുടെ ദൗർലഭ്യവും അമിതമായ വിലക്കയറ്റവും കാർഷിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി അതിരൂക്ഷമാണ്. കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് ഉല്പാദന വർധനവിന് രാസവളങ്ങളുടെ ഉപയോഗം അനിവാര്യമാണ്. അതിൽ പൊട്ടാഷ്, യൂറിയ , മറ്റു കൂട്ടുവളങ്ങൾ എന്നിവ അത്യന്താപേക്ഷിതവും. വിപണിയിൽ ഇവയ്ക്കാണ് കൂടുതൽ ദൗർലഭ്യം നേരിടുന്നത്. കഴിഞ്ഞ സീസണിൽ ചാക്കൊന്നിന് 850 രൂപയുണ്ടായിരുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വളത്തിന് കർഷകർ ഇപ്പോൾ നൽകേണ്ടത് 1700 രൂപയാണ്. ഫാക്ടംഫോസിന് ചാക്കൊന്നിന് 1050 ൽ നിന്നും 1490 രൂപയായി വർദ്ധിച്ചു. അമോണിയം ചേർന്ന വളങ്ങൾക്ക് 1050 നിന്ന് 1500 രൂപയായി ഉയർന്നു. ജൈവ കർഷകർ കൂടുതലായി ഉപയോഗിക്കുന്ന എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ വിലയും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. കർഷകർ ധാരാളമായി ഉപയോഗിക്കുന്ന 18-18 എന്ന മിശ്രിത വളത്തിന് 980 രൂപയിൽ നിന്ന് 1260 രൂപയായി വിലയുയർന്നുകഴിഞ്ഞു. യൂറിയ അടങ്ങിയ കൂട്ടു വളങ്ങളും വിപണിയിൽ ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.
വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉല്പാദനത്തെ ബാധിക്കുമെന്നതിനാൽ രാസവളം ലഭിക്കാൻ കർഷകർ നെട്ടോട്ടത്തിലാണ്.
വിത്ത് മുളപൊട്ടുന്ന സമയത്ത് വളങ്ങൾ ഇല്ലാതെ വന്നാൽ ഉല്പാദനം കുത്തനെ കുറയും. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ രാസവളം ആവശ്യാനുസരണം ലഭിക്കുമ്പോൾ ഇവിടെ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. ചില്ലറ വില്പന ശാലകളിലും സഹകരണ ബാങ്കുകളിലെ ഡിപ്പോകളിലും കർഷകർ വളത്തിനായി നിരന്തരം എത്തുന്നുണ്ടെങ്കിലും ആവശ്യമുള്ളവ ലഭ്യമാകുന്നില്ല.