
വൈപ്പിൻ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കൊവിഡ് കാലത്ത് മികവുറ്റ സേവനം നടത്തിയ ആശാ പ്രവർത്തകരെയും പള്ളിപ്പുറം പഞ്ചായത്ത് ആദരിച്ചു. ആദരവ് സമ്മേളനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഠനമികവിനൊപ്പം സാമൂഹ്യപ്രതിബദ്ധതയും വിദ്യാർത്ഥികൾ ആർജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആശാ പ്രവർത്തകരുടെ നിസ്തുല സേവനം നാടിന് സമാശ്വാസമാണെന്നും എം.എൽ.എ. പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി.ഷൈനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. കെ. ജയൻ, പഞ്ചായത്ത് അംഗങ്ങളായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, സി.എച്ച്.അലി, ഷീല ഗോപി, ഷെന്നി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
പത്താം ക്ലാസിൽ മുഴുവൻ എപ്ലസ് നേടിയ 55വിദ്യാർത്ഥികളെയും പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് 33 വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. 32 ആശാ പ്രവർത്തകർക്ക് യൂണിഫോംകോട്ടും ഫലകവും സമ്മാനിച്ചു.