111

തൃക്കാക്കര: കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സജീവ് കൃഷ്ണക്ക് (23) മയക്കുമരുന്ന് ഇടപാടിനായി നൽകിയത് മോഷ്ടിച്ച സ്വർണ്ണം വിറ്റുകിട്ടിയ പണമാണെന്ന് പ്രതി അർഷാദ് വെളിപ്പെടുത്തി.

മലപ്പുറം കൊണ്ടോട്ടിയിൽ സ്വർണ്ണക്കടയിലെ ജീവനക്കാരനായിക്കെ ഒരുമാസം മുമ്പ് മൂന്ന് പവൻ സ്വർണം കൈക്കലാക്കി കടന്നു. ഇത് വിറ്റ് ലഭിച്ച 1.40 ലക്ഷം രൂപയുമായി ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി. തുടർന്ന് ഇടച്ചിറയിൽ കുടുംബമൊത്ത് താമസിക്കുന്ന സുഹൃത്തിന്റെ ഫ്ലാറ്റിലെത്തി. ഇയാൾ വഴിയാണ് സജീവ് കൃഷ്ണയെ പരിചയപ്പെടുന്നതും ഇയാളുടെ ഫ്ളാറ്റിലെത്തുന്നതും.

ഇതിനിടെ മംഗലാപുരത്ത് നിന്ന് കഞ്ചാവ് വാങ്ങി വൻവിലയ്ക്ക് വിൽക്കാമെന്ന ആശയം സജീവ് മുന്നോട്ടുവച്ചപ്പോൾ ലാഭം പ്രതീക്ഷിച്ച് ആകെ കൈയ്യിലുണ്ടായിരുന്ന 55,000 രൂപയും അർഷാദ് കൈമാറി. കഞ്ചാവ് വിറ്റുതീർത്തിട്ടും ലാഭമോ പണമോ തിരിച്ചുകിട്ടിയില്ല. ഇതിനിടെ സജീവ് വിദേശത്ത് പോകാനുള്ള ഒരുക്കത്തിലായതോടെയാണ് ഫ്ളാറ്റിൽ വച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതും കൊലയിൽ കലാശിച്ചതും. ഇടച്ചിറയിലെ കടയിൽ നിന്ന് ചൂലും മറ്റും വാങ്ങി മുറി കഴുകി രക്തക്കറ നീക്കി. മൃതദേഹം പുതപ്പിൽക്കെട്ടി പൈപ്പ് ഡക്ടിൽ തള്ളി. സജീവിന്റെ പക്കലുണ്ടായിരുന്ന കഞ്ചാവിന്റെ ബാക്കിയുമായി രാവിലെ മുങ്ങുകയായിരുന്നു.

 മൊബൈൽ വിറ്റ് ഒളിവിൽ പോയി

ഒളിവിൽ കഴിയാൻ റിയൽമി 7ഐ മൊബൈൽ ഫോൺ 5000 രൂപയ്ക്ക് വിറ്റ് പണം സംഘടിപ്പിച്ചു. തിരിച്ചറിയൽ കാർഡിന്റെ കോപ്പി വാങ്ങിയശേഷമാണ് മൊബൈൽ വാങ്ങിയതെന്ന് കടയുടമ ഷെഫീർ പറഞ്ഞു. ഇന്നലെ കാക്കനാട് ഫ്ലാറ്റിലും ഇടച്ചിറയിലെ കടകളിലും കൊലക്ക് ശേഷം താമസിച്ച കാലടിയിലെ മുറിയിലും അർഷാദുമായി തെളിവെടുപ്പ് നടത്തി.