potato

കൊൽക്കത്ത: ഉത്പാദനക്കുറവും വിതരണശൃംഖലയിലെ തടസവും മൂലം പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു. മഴക്കെടുതിയിൽ വിളവ് നശിച്ചതാണ് ഉത്‌പാദനത്തെ ബാധിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ ഉരുളക്കിഴങ്ങ് ഉത്പാദന സംസ്ഥാനമാണ് ബംഗാൾ. മറ്റ് മുൻനിര ഉത്പാദക സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിലയും ബംഗാളിലെ വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ കൂടി.

മൊത്തവില കിലോയ്ക്ക് 21 - 23 രൂപയാണ് ബംഗാളിൽ. കഴിഞ്ഞവർഷം ഇതേകാലത്തേക്കാൾ 60 ശതമാനം അധികമാണിത്. ദേശീയതലത്തിൽ ശരാശരി വില കഴിഞ്ഞവർഷത്തെ 10.36 രൂപയിൽ നിന്നുയർന്ന് 16.31 രൂപയുമായിട്ടുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ വില 16-18 രൂപ നിരക്കിലാണ്.

23 ശതമാനത്തോളം ഉത്പാദനക്കുറവാണ് ബംഗാൾ ഇക്കുറി നേരിട്ടത്. കോൾഡ് സ്റ്റോറേജിൽ നിന്ന് പൊതുവിപണിയിലേക്ക് ഉരുളക്കിഴങ്ങ് വില്പനയ്ക്കിറക്കുന്നതും ഇടനിലക്കാർ കുറച്ചിട്ടുണ്ട്; വിലവർദ്ധനയുടെ ആക്കംകൂടാൻ ഇതാണ് കാരണം. 2021ൽ 110 ലക്ഷം ടണ്ണിൽ നിന്ന് 85 ലക്ഷം ടണ്ണിലേക്കാണ് ബംഗാളിലെ ഉത്പാദനം ഇക്കുറി കുറഞ്ഞത്. 61 ലക്ഷം ടണ്ണാണ് ബംഗാളിലെ കോൾഡ് സ്‌റ്റോറേജുകളിലുള്ളതെങ്കിലും ഇതിന്റെ 33 ശതമാനത്തോളം മാത്രമാണ് പൊതുവിപണിയിലെത്തിയത്.