
കുറുപ്പംപടി: പാറമടയിൽ കുളിച്ചതിന് ദളിത് ദമ്പതികളെ മർദ്ദിച്ച കേസിൽ പാറമട ഉടമ തടിക്കുളങ്ങര വർഗീസിനെതിരെ (കുഞ്ഞപ്പൻ, 74) എസ്.സി എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം പ്രകാരം കോടനാട് പൊലീസ് കേസെടുത്തു. അന്വേഷണം പെരുമ്പാവൂർ ഡിവൈ.എസ്.പി അനുജ് പാലിവാൽ ഏറ്റെടുക്കുകയും ചെയ്തു. അന്യായമായി തടഞ്ഞുവയ്ക്കൽ, ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളിലും കേസെടുത്തു.
ശനിയാഴ്ച നടന്ന അക്രമത്തിൽ പരിക്കേറ്റ ദമ്പതികൾ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ പ്രതി വർഗീസും ഇന്നലെ ഇതേ ആശുപത്രിയിൽ അഡ്മിറ്റായി.
മുടക്കുഴ പഞ്ചായത്തിലെ ചുണ്ടക്കുഴി കാഞ്ഞിരക്കോട് എസ്.സി കോളനി നിവാസികളായ കാഞ്ഞിരക്കോട് വീട്ടിൽ പി.സി. രതീഷ്, ഭാര്യ പി.ബി. ശാലു എന്നിവർക്കാണ് വടികൊണ്ടുള്ള മർദ്ദനത്തിൽ പരിക്കേറ്റത്. ശാലു ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി.
പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കോടനാട് പൊലീസ് ഇന്നലെ സ്ഥലത്ത് എത്തി തെളിവെടുത്തു.
വർഗീസിന്റെ രണ്ട് ആൺമക്കൾ വിദേശത്താണ്. പാറമടയ്ക്ക് സമീപമുള്ള വീട്ടിൽ ഇയാളും ഭാര്യയും മരുമക്കളുമാണ് താമസം. ഒരേക്കറിലധികം വരുന്ന പാറമട ദീർഘനാളായി പ്രവർത്തിക്കുന്നില്ല. കുളത്തിനോട് ചേർന്ന പുറമ്പോക്ക് കെട്ടിയെടുക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. ഹൈക്കോടതിയെയും സമീപിച്ചു. പഞ്ചായത്ത് സൈഡ് കെട്ടിയിട്ടുള്ള കുളമാണിത്.
തൊട്ടടുത്ത് തന്നെയുള്ള കാഞ്ഞിരക്കോട് എസ്.സി കോളനിയിലെ 14 കുടുംബങ്ങൾ വർഷങ്ങളായി കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത് ഈ കുളമാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങളുടെ ഏക ജലസ്രോതസാണിത്.
കുളം ഇവർ ഉപയോഗിക്കാതിരിക്കാൻ മത്സ്യകൃഷിയുടെ മറവിൽ കോഴിവേസ്റ്റും കോഴിവളവും മറ്റു മാലിന്യങ്ങളും ഇട്ട് വെള്ളം മലിനമാക്കാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പൊതുജനങ്ങൾ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാറക്കുളമാണിത്. അതിനെ വിലക്കുന്നത് അനുവദിക്കില്ല.
പി. പി. അവറാച്ചൻ, പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത്.
മുടക്കുഴ പഞ്ചായത്ത് പത്താം വാർഡിൽ ശുദ്ധജല ലഭ്യത ഏറ്റവും കുറവുള്ള പ്രദേശമാണിത്. അവിടെയുള്ളവർ ഈ കുളത്തെ ആശ്രയിച്ചാണ് വേനൽക്കാലം തള്ളിനീക്കുന്നത്.
സുനിത്ത്, വാർഡ് മെമ്പർ
എസ്.സി എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം വർഗീസിനെതിരെ കേസെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണം. എസ്.സി. എസ്.ടി കമ്മീഷണർക്കും വനിതാ കമ്മീഷനും പെരുമ്പാവൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.
ഡോ. സി.വി.ഹരീഷ്
പി.കെ.എസ് ഏരിയ പ്രസിഡന്റ്