കൊച്ചി: മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നോക്കുകുത്തി. നിത്യവൃത്തിക്ക് വകയില്ലാത്ത ആശ്വാസകിരണം ഗുണഭോക്താക്കൾ സർക്കാരിന്റെ കനിവിനായുള്ള കാത്തിരിപ്പ് തുടരുന്നു. ദുരിതങ്ങൾ തുറന്നുകാട്ടി ഗുണഭോക്താവായ റഹിം നൽകിയ പരാതിയിൽ ഈ വർഷം ഏപ്രിൽ 16നാണ് അടിയന്തരമായി ധനസഹായം വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡോമിനിക്ക് ഉത്തരവിട്ടത്. 23 മാസത്തെ കുടിശികയായി മൊത്തം 127, 52,85,600 രൂപ. ഒരു ഗുണഭോക്താവിന് 13,800 രൂപയാണ് കിട്ടാനുള്ളത്. രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമെല്ലാമായി ഈ തുക കാത്തിരിക്കുന്നവരാണ് ധനസഹായം മുടങ്ങി ദുരിതത്തിലായത്. 92, 412 പേർക്കാണ് ആനുകൂല്യം മുടങ്ങിയിട്ടുള്ളത്. 2010ൽ തുടങ്ങിയ പദ്ധതി പലതവണ മുടങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2020 സെപ്തംബർ വരെയുള്ള പണം നൽകിയത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ബാക്കി ജില്ലകളിലുള്ളവർക്ക് 2020 ആഗസ്റ്റ് വരെയുളള തുക കഴിഞ്ഞ ഡിസംബറിലും നൽകിയിരുന്നു. ഓണത്തിന് മുമ്പ് ധനസഹായം വിതരണം ചെയ്യണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
₹600
മാസം 600 രൂപാ വീതമുള്ള ധനസഹായ വിതരണമാണ് നിലച്ചത്.
കഴിഞ്ഞ നാല് വർഷമായി പുതിയ ഗുണഭോക്താക്കളെ ചേർത്തിട്ടില്ല.
2018 മാർച്ച് 31ന് ശേഷം ഒരു അപേക്ഷയും സർക്കാർ പരിഗണിച്ചുട്ടേയില്ല.
...........................................
 വരുമാന പരിധി
കുടുംബ വാർഷിക വരുമാനം നഗരങ്ങളിൽ 22,375 രൂപയും പഞ്ചായത്തുകളിൽ 20,000 രൂപ വരെയുമുള്ളവർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ യോഗ്യത. മാനസിക രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവരുടെ കാര്യത്തിൽ വരുമാന പരിധി ബാധകമല്ല. വിധവ, വാർദ്ധക്യ, കർഷകത്തൊഴിലാളി ക്ഷേമപെൻഷനുകൾ ലഭിക്കുന്നവർക്കും ആശ്വാസ കിരണം ആനുകൂല്യം ലഭിക്കും.
.........................................
 ധനസഹായം ലഭിക്കുന്നത്
1.ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ
2.പൂർണമായും കാഴ്ചയില്ലാത്തവർ
3.ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പൾസി ബാധിച്ചവർ
4. കിടപ്പുരോഗികൾ
....................................................
കിടപ്പുരോഗികൾക്കടക്കം ആശ്വാസമായിരുന്നു ആശ്വാസ കിരണം പദ്ധതി. കോടികളുടെ കുടിശിക എത്രയും വേഗം നൽകാൻ സർക്കാർ മുൻകൈ എടുക്കണം.
രാജു വാഴക്കാല,
വിവരാവകാശ പ്രവർത്തകൻ