കൊച്ചി: രാത്രിയെങ്ങാനും എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തിയാൽ കുടുങ്ങിയതു തന്നെ.
പേടിപ്പെടുത്തുന്ന കനത്ത ഇരുട്ട്. ഒപ്പം തെരുവ് നായ്ക്കളുടെ വിളയാട്ടവും. ആരും ഭയപ്പെട്ടുപോകുന്ന അന്തരീക്ഷം.
കവാടത്തിൽ ഒഴികെ യാത്രക്കാർ കാത്തുനിൽക്കുന്ന പ്രദേശത്തോ ബസ് പാർക്കു ചെയ്യുന്ന ഭാഗങ്ങളിലോ പ്രകാശം എത്തുന്നില്ല. വലിയ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് നാളുകളേറെയായി.
നാടിന്റെ പേരിലെ കുളം ബസ് സ്റ്റേഷന്റെ ജാതകത്തിലുമുണ്ട്. ചെറിയൊരു മഴ പെയ്താൽ സ്റ്റാന്റിലും ടെർമിനലിന്റെ താഴത്തെ നിലയിലയിലും മുട്ടോളം വെള്ളം കയറും. പരിസരം ശുചിത്വം തൊണ്ടുതീണ്ടിയിട്ടിയില്ലെന്നതാണ് മറ്റൊരു ശാപം. കിഴക്കുവശത്തെ തോടിലെ വെള്ളം മാലിന്യം നിറഞ്ഞ് കറുത്ത നിറത്തിലാണ്.
തൊട്ടടുത്ത കുറ്റിക്കാട്ടിൽ നിന്ന് ഇഴജന്തുക്കൾ കയറിവരാനുള്ള സാദ്ധ്യതയുമുണ്ട്. ഇത്രയേറെ പ്രശ്നങ്ങളുള്ള ടെർമിനലിൽ യാത്രക്കാരുടെ സുരക്ഷയെകുറിച്ച് അധികൃതർക്ക് തെല്ലും ആശങ്കയില്ല.
അന്യസംസ്ഥാന ദീർഘദൂര സർവീസുകളെല്ലാം രാത്രിയിൽ പുറപ്പെടുന്നതുകാരണം സ്ത്രീകളും പെൺകുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്ഥലത്താണ് ഈ ദു:സ്ഥിതി. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുകയും ചെയ്യും. ഇരുളിന്റെ മറവിൽ ആരെങ്കിലും അതിക്രമങ്ങൾ കാട്ടിയാലും ആളെ തിരിച്ചറിയാൻ സാധിച്ചെന്നുവരില്ല. സ്റ്റേഷന്റെ പലഭാഗത്തും തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്തത്രയും ഇരുട്ടാണ്.
ബസ് സ്റ്റേഷൻ കാരിക്കാമുറിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നതിനാൽ നിലവിലുള്ള സ്റ്റാൻഡിൽ നവീകരണങ്ങളൊന്നും നടത്താനും അധികൃതർ തയ്യാറാകുന്നില്ല.
രാവും പകലും സജീവം
24 മണിക്കൂറും ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന കേരളത്തിലെ പ്രധാനപ്പെട്ട ബസ് ടെർമിനലുകളിൽ ഒന്നാണ് എറണാകുളം നഗരമദ്ധ്യത്തിലെ സ്റ്റാൻഡ്. വൈറ്റില ഹബ്ബ് വരും മുമ്പുവരെ സംസ്ഥാനത്തെ തന്നെ തിരക്കേറിയ സ്റ്റാൻഡുകളിലൊന്നായിരുന്നു ഇത്.
സാമൂഹ്യവിരുദ്ധരുടെ സ്റ്റാൻഡ്
സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരും ട്രാൻസ് ജെൻഡർമാർ അടക്കമുള്ള ലൈംഗിക തൊഴിലാളികളും മയക്കുമരുന്ന് കച്ചവടക്കാരും പിടിച്ചുപറിക്കാരുമൊക്കെ തമ്പടിക്കുന്ന പ്രദേശം കൂടിയാണ് ബസ് സ്റ്റേഷനും പരിസരവും. ഇവിടെ പൊലീസിന്റെ നിരീക്ഷണവും നാമമാത്രം.
നായ്‌ക്കൂട്ടം
15 ൽപ്പരം നായ്ക്കൾ ഇവിടെ കൂട്ടമായി തമ്പടിക്കുന്നുണ്ട്. യാത്രക്കാർക്കുനേരെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടിയടുക്കുന്ന സംഭവങ്ങളും പതിവാണ്.