
ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ നഗരസഭാ ചെയർമാന്മാരും പങ്കെടുക്കുന്ന 'ചെയർമാൻ കോൺക്ലേവ്' 27ന് തോട്ടുമുഖം ഏലി ഹിൽസിൽ നടക്കുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 11ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ചേമ്പർ ഒഫ് മുനിസിപ്പൽ ചെയർമെൻ കേരള ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ സംസാരിക്കും. 11ന് തദ്ദേശ സ്വയം ഭരണ പൊതുസർവീസ് എന്ന വിഷയം അഡീഷണഷൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് നഗരസഭകൾ നേരിടുന്ന ആനുകാലിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ജില്ലാ കളക്ടർ രേണുരാജ്, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ എന്നിവർ ചർച്ച നയിക്കും.
നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ, എം.പി. സൈമൺ, പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ശതാബ്ദി സമാപനം
അടുത്തമാസം
ശതാബ്ദി ആഘോഷങ്ങളുടെ സമാപനം അടുത്തമാസം അവസാനവാരത്തിലോ ഒക്ടോബർ ആദ്യവാരത്തിലോ നടക്കും. മണപ്പുറത്ത് വയലാർ സ്മൃതി മണ്ഡപത്തിൽ (പഴയ ലോഹിതദാസ് സ്മൃതിമണ്ഡപം) മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് സമാപന സമ്മേളനം ആഘോഷമാക്കും. നഗരസഭ അദ്ധ്യക്ഷന്മാരുടെ സംഗമം, പരിസ്ഥിതി സമ്മേളനം, മുൻകാല നഗരസഭാ കൗൺസിലർമാർക്കുള്ള ആദരവ് ഉൾപ്പെടെ സമ്മേളനത്തിന് മുന്നോടിയായി നടക്കും. നഗരസഭാ ചരിത്രം ഉൾപ്പെടുത്തി മാഗസിനും തയ്യാറാക്കുന്നുണ്ട്. 2021 ഡിസംബർ 30ന് മന്ത്രി എം.വി. ഗോവിന്ദനാണ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത്. പിന്നീട് നിരവധി കലാ കായിക, സാമൂഹിക സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തിലെ വാട്ടർഫൗണ്ടൻ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ നവീകരിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
നിർദ്ധനർക്കായി
ഏഴ് ഭവനങ്ങൾ
നഗരത്തിലെ നിർദ്ധനരായ ഏഴ് കുടുംബങ്ങൾക്ക് ശതാബ്ദിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകുന്നുണ്ട്. 10 വീടാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴ് വീടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 6.5 ലക്ഷം രൂപയാണ് വീടിന് ചെലവഴിക്കുന്നത്.
സ്വപ്നപദ്ധതികൾ
പാതിവഴിയിൽ
ആലുവ ജനറൽ മാർക്കറ്റ്, തോട്ടക്കാട്ടുകര മിനി മാർക്കറ്റ്, മുനിസിപ്പൽ പാർക്ക്, പഴയ ബസ് സ്റ്റാൻഡ് മന്ദിരം എന്നിവയാണ് ശതാബ്ദി സ്മാരകങ്ങളുടെ പട്ടികയിൽപ്പെടുത്തി നിർമ്മിക്കാൻ പരിഗണിച്ചിരുന്നത്. ഇതിൽ തോട്ടക്കാട്ടുകര മിനി മാർക്കറ്റ് പദ്ധതി മാത്രമാണ് അൽപ്പമെങ്കിലും മുന്നോട്ട് പോയത്.