
കൊച്ചി: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള വിവാദ നിയമന നടപടി ഹൈക്കോടതി ആഗസ്റ്റ് 31വരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ഈ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കത്തിനെതിരെ റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാള വിഭാഗം മേധാവി ജാേസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
യു.ജി.സി ചെയർമാനെ കോടതി ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. പ്രിയ വർഗീസിന് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. സർക്കാർ, ഗവർണർ, സർവകലാശാലാ വി.സി തുടങ്ങിയവരുടെ അഭിഭാഷകർ വിശദീകരണത്തിന് സമയം തേടിയതിനെ തുടർന്ന് ഹർജി ആഗസ്റ്റ് 31 ലേക്ക് മാറ്റി.നിയമനം സംബന്ധിച്ച് ചില നടപടികൾ ഗവർണറുടെ മുന്നിലായതിനാൽ ,റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ഉണ്ടായിട്ടില്ലെന്ന് സർവകലാശാലാ അഭിഭാഷകൻ അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി.
എട്ടു വർഷത്തെ അദ്ധ്യാപന പരിചയം ഉൾപ്പെടെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ പ്രിയ വർഗീസിനില്ലെന്നാണ് ഹർജിയിലെ ആരോപണം. വി.സി അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെ ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകി പ്രിയ വർഗീസിനെ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിച്ചെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.