kothamangalam

കോതമംഗലം: കുട്ടമ്പുഴ മണികണ്ടംചാലിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചപ്പാത്തിൽ മനുഷ്യചങ്ങല തീർത്തു. രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അവഗണിക്കപ്പെടുന്ന വിഭാഗമാണ് ആദിവാസി സമൂഹവും കുടിയേറ്റ കർഷകർക്കുമെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.

മണികണ്ടംചാൽ ചപ്പാത്തിലെ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂയംകുട്ടി പുഴയ്ക്ക് അക്കരെ മണികണ്ടം ചാലിൽ മഴക്കാലമായാൽ ആശങ്കയോടെ കഴിയുന്ന 525 കുടുംബങ്ങൾ ഉണ്ട്. പൂയംകുട്ടി ചപ്പാത്താണ് ഇവരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. കാലവർഷം ശക്തി പ്രാപിച്ചാൽ ഇവർ ഒറ്റപ്പെടും. ചികിത്സ, വിദ്യഭ്യാസം, ജോലി എല്ലാം മുടങ്ങും. മഴക്കാലമായാൽ ചപ്പാത്ത് വെള്ളത്തിനടിയിലാകും.

ഇവിടെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലം നിർമ്മിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇപ്പോഴും സ്വപ്നം മാത്രമാണ്. മനുഷ്യചങ്ങലയിൽ ആദിവാസി വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ് ചിറപറബേൽ, ഫാ. സിബി ഇടപ്പുളവൻ, ശിവരാമൻ പാറയ്ക്കൽ, സി.കെ. സത്യൻ, ജോർജ് കുര്യയപ്പ്, പി എ.പാദുഷ ജോഷി പാട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.