
കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്‌ക് 'സ്‌നേഹിത' പത്താം വർഷത്തിലേക്ക് കടക്കുന്നു. 2013 ആഗസ്റ്റ് 23 നാണ് സംസ്ഥാനത്ത് ആദ്യത്തെ സ്‌നേഹിത എറണാകുളം ജില്ലയിൽ ആരംഭിച്ചത്. 2017 ഓടെ എല്ലാ ജില്ലകളിലും സ്‌നേഹിത നിലവിൽ വന്നു. അതിക്രമത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിംഗ്, നിയമസഹായം ഉൾപ്പടെ എല്ലാവിധ പിന്തുണയും സ്നേഹിത നൽകും.
ദാമ്പത്യ പ്രശ്‌നങ്ങൾ, കുടുംബ വഴക്കുകൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്‌നങ്ങൾ ഉൾപ്പടെ നിരവധി കേസുകളാണ് സ്‌നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എറണാകുളത്ത് ഇതുവരെ 7,345 കേസുകൾ
ഗാർഹിക പീഡനങ്ങൾ.............. 1600
അതിക്രമങ്ങൾ ...................125
ലൈംഗികാതിക്രമങ്ങൾ.............. 112
കുടുംബപ്രശ്നങ്ങൾ............. 920
കുട്ടികളുടെ പ്രശ്നങ്ങൾ............ 315
മുതിർന്നവരുടെ പ്രശ്നങ്ങൾ................460
സഹായങ്ങൾ ഒരു കുടക്കീഴിൽ
പൊലീസ്, ശിശുക്ഷേമ സമിതി, സൗജന്യ നിയമ സഹായ അതോറിറ്റി എന്നീ സംവിധാനങ്ങളുടെ സംയോജനത്തിലാണ് സ്‌നേഹിത പ്രവർത്തിക്കുന്നത്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലും പരിശീലനങ്ങളും സ്‌നേഹിത നടത്തി വരുന്നു. ഗാർഹിക പീഡന കേസുകളും മറ്റും ദിനംപ്രതി വർദ്ധിച്ചു വരുന്നതായി സ്നേഹിതയിൽ ലഭിക്കുന്ന കണക്കുകൾ തെളിയിക്കുന്നു. മദ്യപാനം, മയക്കുമരുന്ന് എന്നിവ കൊണ്ടുള്ള വിപത്തുകളാണ് മറ്റൊരു പ്രശ്നം.
സ്‌നേഹിതയുടെ ടോൾ ഫ്രീ നമ്പർ : 1800 4255 5678
മൊബൈൽ : 8594034255
അഭിനന്ദിച്ച് കളക്ടർ
അതിക്രമങ്ങൾക്ക് വിധേയരായ സ്ത്രീകൾക്കും കുട്ടികൾക്കും വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ എവിടെ അഭയം ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരമാണ് സ്‌നേഹിതയെന്ന് കളക്ടർ ഡോ. രേണു രാജ് പറഞ്ഞു. സ്‌നേഹിത ഹെൽപ് ഡെസ്‌കിന്റെ 9 ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. പ്രാദേശിക ജെൻഡർ റിസോഴ്‌സ് സെന്ററുകളിൽ നടക്കുന്ന പ്രചാരണവും കളക്ടർ ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ജാൻസി ജോർജ്, ഷക്കീല ബാബു എന്നിവർ പ്രചാരണത്തിന്റെ ഭാഗമായുള്ള കുടകൾ കളക്ടറിൽ നിന്നും ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി പ്രീതി, സ്‌നേഹിത കൗൺസിലർ കവിത ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.