dark

ജീവിതത്തിൽ വിപൽസന്ദേശങ്ങളും വിപരീതാനുഭവങ്ങളും നിറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. തിരിച്ചടികളിൽ പെട്ടുപോകവേ, ജീവിതപാതയിൽ കടപുഴകി പോകുന്നവരുടെ, സ്വയം ഓടിയൊളിക്കുന്നവരുടെ സംഖ്യ നാൾതോറും ഏറുന്നു. കപ്പൽച്ചേതം വന്ന അനേകം ജീവിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഓരോ ദിനത്തിലും മാദ്ധ്യമവാർത്തകളായി വന്നുനിറയുന്നു. കൊവിഡിന് ശേഷം രൂപപ്പെട്ട സവിശേഷ സാഹചര്യത്തിൽ സമൂഹമനസ് കൂടുതൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കപ്പെടേണ്ട സാഹചര്യത്തിലാണ് നാം. പരാജയഭീതിയും വിഷാദവും കീഴ്പ്പെടുത്തിയ ജീവിതങ്ങൾ നമുക്ക് ചുറ്റമുണ്ട്. പരാജയത്തേയും തിരിച്ചടികളേയും മാത്രം പെറുക്കിയെടുത്ത് ജീവിതത്തെ അസുഖകരമെന്ന് വിലയിരുത്തുന്നതിൽ അർത്ഥമില്ല. പ്രശാന്തതയോടെ സ്വീകരിയ്‌ക്കേണ്ട, ആശ്ചര്യകരമാംവിധം ഭിന്നാനുഭവങ്ങൾ ചേർന്നുനിൽക്കുന്ന ഒന്നാണ് നമ്മുടെ ജീവിതം. അക്കാര്യം വേണ്ടവിധത്തിൽ മനസ്സിലാക്കാതെ പലതരം ഉത്കണ്ഠകൾക്ക് അടിപ്പെട്ട് പോയവരെക്കുറിച്ച് അലൈൻ ദെ ബോട്ടൺ തന്റെ - സ്റ്റാറ്റസ് ആങ്സൈറ്റി - എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
കുടുംബത്തോടെയും ഏകരായും ജീവിതം ഒടുക്കുന്നവരെ നിരീക്ഷിച്ചാൽ അവരിൽ ഏറിയപങ്കും തിരിച്ചടികളേയും പരാജയങ്ങളേയും സംയമനത്തോടെ സമീപിക്കാൻ സാധിക്കാതെ പോയവരാണെന്ന് കാണാം. വിപരീതഫലങ്ങളുടെ മുന്നിൽ പകച്ചുപോവുക എന്നത് മനുഷ്യസഹജമാണ്. പക്ഷേ അതിനുത്തരം ജീവിതത്തിൽ നിന്ന് ഓടിയൊളിക്കലല്ല. അതിനെ അഭിമുഖീകരിക്കലാണ് . ജീവിതത്തിൽ നിന്നും തിരോധാനം ചെയ്യുന്നതിന് പല ഘടകങ്ങൾ പ്രേരകങ്ങളായി മാറുന്നുണ്ട്. രോഗാതുരമായി മനസ്സ് , സാമൂഹ്യസാഹചര്യങ്ങൾ, താൻ അമ്പേ പരാജയപ്പെട്ടയാളാണെന്ന തോന്നലടക്കമുള്ള ചിന്താവൈകല്യങ്ങൾ എന്നിവയൊക്കെ ഇതിന് പിന്നിലുണ്ടാവാം.

ഓരോ പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കാൻ സംയമനമുള്ള മനസ്സ് വേണം. വിപരീതഫലങ്ങളെയും തിരിച്ചടികളേയും അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം അവയെ തൊട്ടറിയുക, അനുഭവിക്കുക യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളുക എന്നതാണ്. എന്താണ് പരാജയം എന്ന ചോദ്യത്തിന് വിശദീകരിക്കാൻ ഏറെ പ്രയാസമുള്ള ഉത്തരമാണുള്ളത്. ഓരോരുത്തരുടേയും കണക്കുകൂട്ടലുകൾക്കും പ്രതീക്ഷകൾക്കും വിരുദ്ധമായി കാര്യങ്ങൾ സംഭവിയ്ക്കുന്നതിനെയാണ് സാധാരണഗതിയിൽ പരാജയം, തിരിച്ചടി എന്നൊക്കെ വിലയിരുത്തുന്നത്. പ്രതീക്ഷകൾ, കണക്കുകൂട്ടലുകൾ, പദ്ധതികൾ ഇവയൊക്കെ എങ്ങനെയുണ്ടായി, ആരു രൂപപ്പെടുത്തി, എത്രമാത്രം വസ്തുനിഷ്ഠമായിട്ടാണ് അവയെ രൂപപ്പെടുത്തിയത് തുടങ്ങിയ പരിശോധനകൾ ഓരോരുത്തരുടേയും ഉള്ളിലുള്ള ആശയക്കുഴപ്പങ്ങളെ അനാവരണം ചെയ്യും. അതിൽ നിന്നുതന്നെ അവയെ നേരിടാനുള്ള യുക്തിയും ഉരുത്തിരിഞ്ഞുവരും. വ്യക്തിനിഷ്ഠമായ പ്രശ്‌നത്തിന് വസ്തുനിഷ്ഠമായ പരിഹാരമായിട്ടാണ് പദ്ധതികൾ രൂപപ്പെടുത്തിയെടുക്കേണ്ടത്. അതിൽ പോലും വൈരുദ്ധ്യമുണ്ടെന്ന് , തിരിച്ചടികളെ നേരിടുന്നതിനുള്ള കൈപ്പുസ്തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ എലിസബത്ത് ഡേ (Failosophy, A Handbook For When Things Go Wrong-Elizabeth Day) ചൂണ്ടിക്കാട്ടുന്നു.

മുൻകൂട്ടി രൂപപ്പെടുത്തപ്പെട്ട പദ്ധതികൾക്കൊന്നും ജീവിതത്തിലെ ആകസ്മിക വിപത്തുക്കളെ നേരിടാനുള്ള ശേഷി ഉണ്ടാവുകയില്ല. അപ്പോഴാണ് കണക്കുകൂട്ടലുകളൊക്കെ പിഴച്ചുപോവുക. ഓരോ നിമിഷവും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിൽ മുൻകൂട്ടി തയ്യാറാക്കപ്പെട്ട പദ്ധതികളാണ് പിന്നീട് നമ്മുടെ ആധികളായി പരിണമിക്കുന്നത്.

മറ്റുള്ളവർ നടത്തുന്ന വിധിതീർപ്പാവരുത് നമ്മുടെ പരാജയം.

മറ്റുള്ളവർ അവരുടെ മാനസിക- വൈകാരിക തലങ്ങളിൽ നിന്നാണ് വിധികൾ കല്പിക്കുന്നതെന്ന ലളിതമായ തിരിച്ചറിവ് നമുക്കുണ്ടാവണം. അത്തരം തീർപ്പുകളുടെ ഇരകളായി ആരും സ്വയം എറിഞ്ഞുകൊടുക്കരുത്. ഭയഭേദങ്ങളില്ലാതെ വൈകാരിക ആധിബാദ്ധ്യതകളില്ലാതെ തിരിച്ചടികളെ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളുക.

ഒരു സവിശേഷ സാഹചര്യത്തേക്കാളേറെ, ആ സാഹചര്യത്തെക്കുറിച്ചുള്ള ചിന്തകളും വേവലാതികളുമാണ് അസന്തുഷ്ടിയുടെ പ്രാഥമിക കാരണങ്ങൾ. ഇത്തരം ചിന്തകളേയും വേവലാതികളേയും ഒഴിച്ചുനിറുത്തി, സ്വന്തം സ്വത്വം രൂപപ്പെടുത്തണം. ഇത്തരത്തിലുള്ള ചിന്താ സ്വാതന്ത്ര്യം , ലോകം ആഗ്രഹിക്കുന്ന ഒരാളാകാൻ ശ്രമിക്കാതെ അവനവനായിത്തീരാൻ ഓരോരുത്തരെയും സഹായിക്കും.

ഭൂതകാലത്തിലേക്കുള്ള പിന്തിരിഞ്ഞുനോട്ടങ്ങൾ നമ്മെ പലപ്പോഴും വിഷമത്തിലാക്കും. അതുപോലെ തന്നെയാണ് പിരിഞ്ഞുപോകലുകളും. തൊഴിൽ, പ്രണയം,കുടുംബ ജീവിതം, സൗഹൃദം എന്നിവയിലെല്ലാം ഇത്തരം പിരിഞ്ഞു പോകലുകൾ സാധാരണമാണ്. എന്റെ ജീവിതത്തിലേക്ക് എല്ലാം വന്നും പോയുമിരിക്കട്ടെ എന്ന മനോഗതിയിലേക്ക് എത്തിച്ചേരുന്ന ഒരാളെ ഇത്തരം പിരിഞ്ഞു പോകലുകളൊന്നും തളർത്തില്ല.

ഒന്നു കൈവിട്ടുപോകുമ്പോൾ എണ്ണമില്ലാത്ത അവസരങ്ങൾ വരിവരിയായി നമ്മുടെ മുന്നിൽ നില്പുണ്ടാകും. അവയെ കാണാതെ പിന്തിരിഞ്ഞു നോക്കിയാൽ വീണുപോകുന്നത് കടുത്ത നിരാശയിലേക്കും വിഷാദത്തിന്റെ പടുകുഴിയിലേക്കുമാകും. ഓരോരുത്തരും ജീവിതമെന്ന മഹാപ്രവാഹത്തിലെ സൂക്ഷ്മ കണികയാകുന്നത് സവിശേഷതയാർന്ന ഒരു ദൗത്യവുമായിട്ടാണ്. ആ ദൗത്യത്തിനുശേഷം ഓരോരുത്തരും ഇവിടെ നിന്ന് കടന്നുപോകുന്നു. മനോഹരമായ വസന്തകാലത്തിന്റെ ഓർമ്മപോലെ അതിനെ അനുയാത്ര ചെയ്യുകയാണ് വേണ്ടത്. പട്ടുപോയതിനെക്കുറിച്ചോർത്ത് ഉറക്കം നഷ്ടപ്പെടുത്തരുത്. ഒരു ബന്ധം അവസാനിക്കുന്നിടത്ത് നിന്ന് വിജയകരമായ മറ്റൊന്നിന്റെ തുടക്കമുണ്ടാകുന്നു. സംയമനത്തോടെ സാഹചര്യങ്ങളെ മറികടക്കുന്നതാണ് നമ്മുടെ വിജയം.

ആത്യന്തികമായ അർത്ഥം തേടിയുള്ള മനുഷ്യന്റെ അന്വേഷണം

(Man's Search For Ultimate Meaning) എന്ന പുസ്തകത്തിൽ വിക്ടർ ഇ ഫ്രാങ്കെൽ (Victor E Frankl) വസ്തുനിഷ്ഠത, ധൈര്യം, ഉത്തരവാദിത്തബോധം എന്നീ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ഈ മൂല്യങ്ങൾ തിരിച്ചടികളെ അതിജീവിക്കാൻ നമുക്ക് തെളിമയുള്ള കാഴ്ചതരികതന്നെ ചെയ്യും. പരാജയം സംഭവിക്കുമ്പോൾ, നമ്മെ ഒന്നിനും കൊള്ളാത്തവരെന്ന് ലോകം വിലയിരുത്തുമോ എന്ന ഭീതിയിലകപ്പെട്ടു പോകുന്നവരാണ് ഏറെയും. തിരിച്ചടികളല്ല അവയോടുള്ള നമ്മുടെ പ്രതികരണങ്ങളുടെ സ്വഭാവമാണ് പ്രസക്തം. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഭീതിയും അഹംബോധവും മാറ്റിവെച്ച് കാര്യങ്ങൾ കാണാനായാൽ എന്തിന്റെ അഭാവത്തിലാണ് തിരിച്ചടി സംഭവിച്ചതെന്ന് മനസ്സിലാക്കാം. അതോടെ അതിജീവനത്തിനുള്ള വഴി വ്യക്തമാവുകയും ചെയ്യും. ഭാവിയെക്കുറിച്ചുള്ള വലിയ കണക്കുകൂട്ടലുകളും പദ്ധതികളും തയ്യാറാക്കി അതനുസരിച്ച് കാര്യങ്ങൾ നടക്കാതെ പോകുമ്പോൾ എല്ലാം തുലഞ്ഞെന്ന് വിലപിക്കരുത്. ഭാവിയിലല്ല, വർത്തമാന കാലത്തിലാണ് പദമൂന്നേണ്ടത്. ഇനിയും സംഭവിച്ചിട്ടില്ലാത്ത ഒന്നിനെക്കുറിച്ചുള്ള വേവലാതികളാണ് നിങ്ങളെ ബാധിച്ചിട്ടുള്ളതെന്ന ചിന്തതന്നെയാവണം ഭാവിയെക്കുറിച്ചുള്ള ഭീതി വെടിയാനുള്ള ഏറ്റവും ലളിതമായ സാധന. താൻ ഏത് നിമിഷവും കാലിടറിപ്പോയേക്കാം. എന്നാൽ വീഴ്ചയിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് അതിജീവിക്കാനുള്ള ആർജ്ജവം നേടിയെടുക്കാനാവുമെന്ന ആത്മവിശ്വാസം വിജയകരമായ ജീവിതത്തിന് ഓരോ വ്യക്തിയേയും പ്രാപ്തരാക്കുക തന്നെ ചെയ്യും.

( ഫ്രീലാൻസ് ജേർണലിസ്റ്റാണ് ലേഖകൻ ഫോൺ : 9388987879)