
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയും പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന വിവാദ നിരീക്ഷണവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.
2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്കാരിക ക്യാമ്പിനു ശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് കടന്നു പിടിച്ചെന്നും തന്റെ മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടെന്നുമാണ് പരാതി. 2022 ജൂലായ് 29ന് നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ആഗസ്റ്റ് 12ന് അനുവദിച്ചു. ഹർജിക്കാരൻ സമർപ്പിച്ച ഫോട്ടോകൾ പരിശോധിച്ച കോടതി ഇര പ്രകോപനപരമായാണ് വസ്ത്രം ധരിച്ചിരുന്നതെന്ന് വിലയിരുത്തുകയായിരുന്നു.
പീഡനക്കേസുകളിൽ ജാമ്യം അനുവദിക്കുമ്പോൾ ഇരയുടെ വസ്ത്രം, സ്വഭാവം, സദാചാരം തുടങ്ങിയവ വിധിയിൽ കടന്നു വരരുതെന്ന് സുപ്രീംകോടതി അപർണ ഭട്ട് കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് കോഴിക്കോട് കോടതി വിവാദമായ പരാമർശങ്ങൾ നടത്തിയതെന്നും നിയമ വിരുദ്ധമായ വിധി റദ്ദാക്കണമെന്നുമാണ് ഹർജി.
കഴിഞ്ഞ ഏപ്രിൽ 17ന്, പട്ടികജാതിക്കാരിയായ ഒരു എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന പരാതിയിൽ എടുത്ത കേസിലും കീഴ്‌ക്കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെയും സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അതേസമയം, സിവിക്കിന് അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജിയിൽ നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.