plus
പ്ലസ് വൺ അലോട്ട്മെന്റ്

മൂന്നാം ഘട്ടത്തിൽ 6,274 കുട്ടികൾ പ്രവേശനം നേടി

കൊച്ചി: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് കൂടി പ്രസിദ്ധീകരിച്ചതോടെ ജില്ലയിലെ പ്ലസ് വൺ പ്രവേശന പ്രക്രിയകൾ അന്തിമ ഘട്ടത്തിലേക്ക്. നിലവിലെ കണക്കുകൾ അനുസരിച്ച് 99.61ശതമാനം അലോട്ട്മെന്റും പൂർത്തിയായി. 125സീറ്റുകളാണ് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം ഇനി ഒഴിവുള്ളത്. ജനറൽ- 118, ഈഴവ-രണ്ട്, മുസ്ലിം- ഒന്ന്, ഹിന്ദു ഒ.ബി.സി- ഒന്ന്, എസ്.സി-രണ്ട്, ഒ.ഇ.സി- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.

3,504പേർക്ക് ഹയർ ഓപ്ഷൻ ലഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ മൂന്നാം ഘട്ടത്തിൽ 24,122 സീറ്റിലേക്കാണ് പ്രവേശനം നടക്കുന്നത്. താത്കാലികമായി പ്രവേശനം നേടിയവർക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടാകില്ലെന്നും അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് 24ന് വൈകിട്ട് അഞ്ചിനുമുമ്പ് പ്രവേശനം നേടണമെന്നും അധികൃതർ അറിയിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് 38,607 പേരാണ് അപേക്ഷ നൽകിയത്. മാനേജ്‌മെന്റ് സീറ്റും അൺ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റും ഉൾപ്പെടെ 38,515 സീറ്റ് ജില്ലയിലുണ്ട്.

ഒന്നാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് അഞ്ചിനും രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 16,17 തീയതികളിലുമാണ് നടന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് പൂർത്തിയാക്കി ഈ മാസം 25ന് തന്നെ ക്ലാസുകൾ ആരംഭിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.

ഒറിജിനൽ സീറ്റ്- 23,701
ആകെ സീറ്റ്- 24,122
അലോട്ട് ചെയ്തത്- 23,997
മൂന്നാം ഘട്ടിൽ പ്രവേശനം നേടിയത്- 6,274
ഹയർ ഓപ്ഷൻ ലഭിച്ചത്- 3,504
ഒഴിവുള്ളത്- 125
അലോട്ട്മെന്റ് പൂർത്തിയായത്- 99.61

സീറ്റുകൾ

(വിഷയം, ബാച്ചുകൾ, സീറ്റ്, മെറിറ്റ് സീറ്റ്, മാനേജ്‌മെന്റ് സീറ്റ് എന്ന കണക്കിൽ)

സയൻസ്- 368- 21,638- 13,086- 2,292


ഹ്യുമാനിറ്റീസ്- 83- 5,029- 3,618- 588


കൊമേഴ്സ്- 200- 11,848- 7,650- 1,212