കൊച്ചി: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനെ (38) പിടികൂടാനാകാതെ പൊലീസ്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇയാളെക്കുറിച്ച് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതിയുടെ തിരിച്ചിൽ നോട്ടീസടക്കം പ്രചരിപ്പിച്ച് അന്വേഷണം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പ്രതി ജില്ല വിട്ടിട്ടില്ലെന്ന് തന്നെയാണ് കരുതുന്നത്.

എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ സുരേഷ് കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണെയാണ് (35) വകവരുത്തിയത്. ശേഷം കടന്നുകളഞ്ഞു. ഇയാൾ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഡിസംബറിൽ പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് പണവും സ്വർണവും കവർന്ന കേസിൽ ജയിലിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ഈ മാസം മൂന്നിന് രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിന് സമീപമായിരുന്നു സംഭവം. എറണാകുളം നോർത്തിലെ ആനന്ദ് വിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. അപരിചിതരായ ഇരുവരും തമ്മിൽ ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസൺ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞു വീണു.