thattukada

ആലുവ: നഗരത്തിൽ നടപ്പാതകളും പാർക്കിംഗ് ഏരിയകളും കൈയേറിയിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ മൗനം പാലിക്കുന്നതായി ആക്ഷേപം. അതേസമയം കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ നഗരസഭ അധികൃതർ വിവേചനം പുലർത്തുന്നതായും ആക്ഷേപമുണ്ട്.

മാർക്കറ്റ് ഫ്ലൈ ഓവറിന് താഴെ പടിഞ്ഞാറുവശം വഴിയോര കച്ചവടക്കാരെ പൊലീസ് - മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ സഹായത്തോടെ ഒഴിപ്പിച്ച നഗരസഭ, ഫ്ലൈ ഓവറിന് കിഴക്കുവശത്തെ കൈയേറ്റക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ്. കൊച്ചി മെട്രോ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കോടികൾ മുടക്കി നവീകരിച്ച നടപ്പാതയിൽ സ്വകാര്യ വ്യക്തികൾ 'തട്ടുകട' നടത്തിയിട്ടും നടപടിയില്ല. സ്ഥിരമായ ഇരിപ്പിടങ്ങളൊരുക്കി ആഡംബര ഉന്തുവണ്ടിയിലാണ് കച്ചവടം. ഉന്തുവണ്ടിക്ക് പ്രത്യേക മേൽകൂരയുമുണ്ട്. നഗരസഭ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച സമീപത്തെ 'കുടുസു'മുറി വാടകക്കെടുത്തവരാണ് 50 മീറ്ററോളം നീളത്തിൽ നടപ്പാതയും കൈയേറിയത്. യുവാക്കളെ ആകർഷിക്കുന്നതിനായി ഇവിടെ വൈകിട്ട് കരോക്കെ ഗാനമേളയുമുണ്ട്. ഇതിലൂടെ കാൽനട യാത്ര പോലും ദുസഹമാണ്. നഗരസഭയിലെ ഒരു വനിതാ കൗൺസിലറുടെ അടുത്ത ബന്ധുവും അയാളുടെ സുഹൃത്തുമാണ് കൈയേറ്റത്തിന് പിന്നിൽ.

ഫ്ലൈ ഓവറിൽ അടുത്തിടെ എൻ.എച്ചിന്റെ അനുമതിയോടെ സ്വകാര്യ വ്യക്തിക്ക് പാർക്കിംഗ് പിരിവ് കരാർ നൽകിയിരുന്നു. വാഹന പാർക്കിംഗിന് കരാർ നൽകിയ സ്ഥലത്ത് തട്ടുകടകൾ, ബജി കടകൾ, ലോട്ടറി സ്റ്റാളുകൾ എന്നിവ ഒന്നിലേറെ പ്രവർത്തിക്കുന്നുണ്ട്. വാഹന പാർക്കിംഗിന് പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഭീമമായ തുക വാങ്ങി കരാറുകാരൻ സ്ഥലം വാടകയ്ക്ക് നൽകിയിട്ടുള്ളത്. ഇവിടെ ആളുകൾ തടിച്ചുകൂടുന്നത് വാഹനം പാർക്ക് ചെയ്യാനെത്തുന്നവർക്കും ശല്യമായി.

മേൽപ്പാലത്തിനടിയിലെ സാമൂഹിക വിരുദ്ധശല്യം കൂടി ഒഴിവാക്കാനെന്ന പേരിലാണ് വണ്ടിപ്പേട്ട പിരിക്കാൻ തീരുമാനിച്ചതെങ്കിലും സാമൂഹിക വിരുദ്ധശല്യത്തിന് കുറവൊന്നുമില്ല. പട്ടാപ്പകലും ഇവിടെയിരുന്ന് മദ്യപിക്കുന്നത് പതിവ് കാഴ്ച്ചയാണ്.

പരിശോധിച്ച്

നടപടിയെന്ന്

ചെയർമാൻ

ഫുട് പാത്ത് കൈയേറി കച്ചവടം നടത്തുന്നുവെന്ന ആക്ഷേപം പരിശോധിച്ച് നടപടിയെടുക്കുമെന്ന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവർത്തനവും നടപ്പാതയിൽ അനുവദിക്കില്ല. മേൽപ്പാലത്തിനടിയിൽ വാഹന പാർക്കിംഗിന് കരാറെടുത്തയാൾ മറ്റ് കച്ചവടത്തിന് അനുമതി നൽകിയെങ്കിൽ അതും അവസാനിപ്പിക്കും. ഇക്കാര്യത്തിൽ ഇന്നലെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.