c

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ സ്ഥിരം ജീവനക്കാരെ കോൺട്രാക്ട് ലേബർ റെഗുലേഷൻ ആൻഡ് അബോളിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

2017ൽ നടപ്പാക്കിയ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതന നിയമം അടിയന്തരമായി പരിഷ്‌കരിക്കുക, പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആക്ട് അടിയന്തരമായി നടപ്പിലാക്കുക, സ്വകാര്യ ആശുപത്രി ജീവനക്കാരുടെ 2017ലെ മിനിമം വേതനം നടപ്പാക്കാതെ സ്വകാര്യ ആശുപത്രി ഉടമകൾ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ സ്റ്റേ നീക്കാൻ നടപടിയെടുക്കുക, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങളിലെ ശമ്പളം പരിഷ്‌കരിക്കുക, സ്വകാര്യ ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പിന്റെ പരിശോധന കർശനമാക്കുക, സ്വകാര്യ ആശുപത്രി തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.

സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം. അനിൽകുമാർ അദ്ധ്യക്ഷനായി. കെ.പി. പ്രതാപൻ, കെ. ഭാഗിരഥി, സി.ബി. ചന്ദ്രബാബു, എ. മാധവൻ, വി.വി. ബാലകൃഷ്ണൻ, പി.ആർ. മുരളീധരൻ, പി.ആർ. റെനീഷ്, കെ.വി. മനോജ് എന്നിവർ സംസാരിച്ചു.