വൈപ്പിൻ: മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിഷയം നിയമസഭയിൽ ഉന്നയിച്ചതിനു നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വൈപ്പിൻകരയിലെ കുടിവെള്ള ക്ഷാമം സംബന്ധിച്ച് ജല അതോറിട്ടി തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട് ആധാരമാക്കിയാണ് നടപടികളെന്നും മന്ത്രി അറിയിച്ചു. വൈപ്പിൻകരയുടെ തെക്കൻമേഖലയിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരമാകാൻ പര്യാപ്തമായ 2.15 കോടിരൂപയുടെ മുരുക്കുംപാടം ജലസംഭരണി കമ്മിഷൻ ചെയ്യന്നതിന് ഒരുങ്ങിയിട്ടുണ്ട്. സാങ്കേതികതകൾ കൊണ്ട് മാത്രമാണ് ഉദ്ഘാടനം വൈകിയത്. ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകൾക്ക് പൂർണതോതിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന 2.78കോടി രൂപയുടെ ഞാറക്കൽ ജലസംഭരണിയുടെ നിർമ്മാണം മൂന്നുമാസത്തിനകം പൂർത്തിയാകുന്ന നിലയ്ക്ക് പുരോഗമിക്കുകയുമാണ്.
വൈപ്പിൻ ദ്വീപിലേക്ക് കുടിവെള്ളമെത്തിക്കുന്ന ചൊവ്വര, ആലുവ ജലവിതരണ പദ്ധതികളുടെ നവീകരണത്തിനും നടപടികൾ കൈക്കൊണ്ടുവരികയാണ്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചൊവ്വര ജലശുദ്ധീകരണശാലയുടെ പുനരുദ്ധാരണ നവീകരണത്തിന് 4.83 കോടി രൂപയുടെ പ്രവൃത്തികൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം സുഗമമാക്കും.