മൂവാറ്റുപുഴ: ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പെടുത്തി പെരുവുംമൂഴിതോട്ടിൽ നിന്ന് 5580 ഘനമീറ്റർ എക്കലും ചെളിയും നീക്കം ചെയ്തു. മഴക്കാലമായാൽ വാളകം പഞ്ചായത്തിലെ പെരുവംമൂഴി തോടിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് ആശങ്കയൊഴിയുകയാണ്.
തോട്ടിലെ വെള്ളം ഏതു നിമിഷവും വീട്ടിലേക്ക് ഒഴുകിയെത്തുമെന്ന ഭീതിയിലായിരുന്നു അവർ. ആഴം വർദ്ധിപ്പിച്ചതോടെ തോട്ടിലെ ഒഴുക്കും സുഗമമായി. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ വരുന്ന വാളകം പഞ്ചായത്തിലൂടെയും വടവുകോട് ബ്ലോക്കിന് കീഴിലെ മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലൂടെയുമാണ് പെരുവംമൂഴി തോട് കടന്നു പോകുന്നത്. വാളകം പഞ്ചായത്തിൽ 12, 13, 14 വാർഡുകളിലൂടെയാണ് തോട് കടന്നുപോകുന്നു. യന്ത്ര സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കിയത്.
ആഗസ്റ്റ് ആദ്യ ആഴ്ചയിൽ പെയ്ത ശക്തമായ മഴയിലും പെരുവംമൂഴിതോട് കവിഞ്ഞൊഴുകിയില്ല. പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും കൈവഴികളുടെയും എക്കലും മണലും നീക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ വാഹിനി പദ്ധതി നടപ്പിലാക്കുന്നത്.